
തൃശൂർ: തൃശൂർ പടിയൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തിരയുകയാണ്.
കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ് പറയുന്നു. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടിൽ അന്നേ ദിവസം കണ്ടിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു. മകൾ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നു. ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ച് വരികയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam