പ്രളയഭയത്തില്‍ നിന്നും തൃശൂരും കരകയറുന്നു

By Web TeamFirst Published Aug 20, 2018, 8:53 PM IST
Highlights

ആശ്വാസത്തിന്‍റെ കിരണങ്ങളാണ് തൃശൂരിന് ഇന്നത്തെ പകല്‍ സമ്മാനിച്ചത്. നഗര പ്രദേശങ്ങളിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പ്രളയം വിഴുങ്ങിയ ചാലക്കുടിയിലെ ക്യാമ്പുകളിലും സമാശ്വാസത്തിന്‍റെ മടക്കയാത്ര തുടങ്ങി. ഉരുള്‍പൊട്ടലും മലവെള്ളപാച്ചലും ചെന്നെത്തി നിന്ന കുഴൂര്‍, കുണ്ടൂര്‍ മേഖലകളില്‍ ഇപ്പോഴും ആര്‍മിയും എന്‍ഡിആര്‍എഫും മുങ്ങല്‍ വിദഗ്ധരുമായി തിരച്ചല്‍ തുടരുന്നുണ്ട്. ഇതുവരെയും ഭീതിപ്പെടുത്തുന്ന വാര്‍ത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും തിരച്ചല്‍ തുടരാനാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
 

തൃശൂര്‍: ആശ്വാസത്തിന്‍റെ കിരണങ്ങളാണ് തൃശൂരിന് ഇന്നത്തെ പകല്‍ സമ്മാനിച്ചത്. നഗര പ്രദേശങ്ങളിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പ്രളയം വിഴുങ്ങിയ ചാലക്കുടിയിലെ ക്യാമ്പുകളിലും സമാശ്വാസത്തിന്‍റെ മടക്കയാത്ര തുടങ്ങി. ഉരുള്‍പൊട്ടലും മലവെള്ളപാച്ചലും ചെന്നെത്തി നിന്ന കുഴൂര്‍, കുണ്ടൂര്‍ മേഖലകളില്‍ ഇപ്പോഴും ആര്‍മിയും എന്‍ഡിആര്‍എഫും മുങ്ങല്‍ വിദഗ്ധരുമായി തിരച്ചല്‍ തുടരുന്നുണ്ട്. ഇതുവരെയും ഭീതിപ്പെടുത്തുന്ന വാര്‍ത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും തിരച്ചല്‍ തുടരാനാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതിനിടെ ഇന്ന് മാള പുത്തന്‍വേലിക്കരയില്‍ തുടരുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന യുവാവ് മരിച്ചു. ശ്രീങ്കര കോളജിലെ ബിടെക് വിദ്യാര്‍ത്ഥിയായ ലിജോ ജോര്‍ജാണ് മരിച്ചത്. പ്രളയക്കെടുതിയിലകപ്പെട്ട് 51 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവഹാനി സംഭവിച്ചത്. 

ജില്ലയുടെ മറ്റുഭാഗങ്ങളിലും വെള്ളക്കെട്ടിന് ശമനമായി തുടങ്ങി. ചീരക്കുഴി ഡാം ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ചെറുതുരുത്തി മേഖലയില്‍ വെള്ളം കുറഞ്ഞുവരുന്നതേയുള്ളൂ. കുറുമാലി പുഴയ്ക്ക് കുറുകെ ആറ്റപ്പിള്ളി റഗുലേറ്ററില്‍ മരങ്ങള്‍ കുടിങ്ങിയുണ്ടായ തടസം നീക്കി വരികയാണ്.

കരുവന്നൂര്‍ പുഴയിലേക്കുള്ള കൈവഴി ഗതിമാറിയൊഴുകി തകര്‍ന്ന പനംകുളം ആറാട്ടുപുഴ ബണ്ട് റോഡ് ആലപ്പുഴയിലെ വിദഗ്ധ തൊഴിലാളികളും ആര്‍മിയുടെ സംഘവും ചേര്‍ന്ന് നടത്തുന്ന നിര്‍മാണം അന്തിമഘട്ടത്തിലായി. 5000 മണല്‍ ചാക്കുകളും മുളയും ഉപയോഗിച്ചാണ് നിര്‍മാണം. രാവിലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി എസ് സുനില്‍കുമാറും തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറും കുട്ടനാട്ടില്‍ നിന്നുള്ള 20 അംഗ സംഘത്തിനെ സഹായിക്കാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 

അതിനിടെ കരുവന്നൂര്‍ പുഴയിലെ വെള്ളം താഴ്ന്നതോടെ ശ്രദ്ധയില്‍പ്പെട്ട എട്ടുമുന ഇല്ലിക്കല്‍ ബണ്ടിന്‍റെ തകര്‍ച്ചയും ഇതേ സംഘം പരിഹരിച്ചുവരികയാണ്. അതേസമയം, ഇല്ലിക്കല്‍ ബണ്ട് പൊട്ടിയെന്ന രീതിയില്‍ വ്യാജ പ്രചാരണം ഇന്ന് രാവിലെ മുതല്‍ നടക്കുന്നത് പടിഞ്ഞാറന്‍ മേഖലയായ അന്തിക്കാട് പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി. അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

ഉച്ചയോടെ കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂര്‍ പട്ടണത്തിലേക്കുള്ള റോഡിനോട് ചേര്‍ന്ന പുഴയ്ക്കല്‍ പാടത്ത് വെള്ളം ഉയരുന്നിരുന്നു. എന്നാല്‍ പൊടുന്നനെ തന്നെ വെള്ളം ഇറങ്ങിയതോടെ ആശങ്കയൊഴിഞ്ഞു. കിഴക്കന്‍ മേഖലയില്‍ കെട്ടിക്കെടുക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന്‍റെ  ഭാഗമായുണ്ടായ പ്രതിഭാസമാകാമെന്ന നിഗമനത്തിലാണ് അധികാരികള്‍. 
വെള്ളം താഴ്ന്നുതുടങ്ങിയതോടെ വളര്‍ത്തുമൃഗങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തുന്നുണ്ട്. 

ചാലക്കുടിയില്‍ ഒരു പ്രദേശത്ത് കാലികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശാസ്ത്രീയമായി മറവുചെയ്യുന്നതിന് ജില്ലാ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ ദ്വീപ് പ്രദേശങ്ങളായ ഗോതുരുത്ത്, ചേനം, പുള്ള് മേഖലകള്‍ ഇനിയും പഴയപടിയിലേക്ക് തിരിച്ചുവന്നിട്ടില്ല. നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പുള്ളിലും ചേനത്തുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇവിടങ്ങളിലേക്ക് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മരുന്നും ആവശ്യമായ ഭക്ഷണവും എത്തിക്കുന്നുണ്ട്. ജില്ലയില്‍ അമ്പതോളം മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളാണ് ആരോഗ്യ വകപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള സ്റ്റാഫ് നഴ്‌സുമാരാണ് മെഡിക്കല്‍ സംഘത്തെ സഹായിക്കുന്നത്.

click me!