ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാൻ, ഒരു കാർ; രാത്രി വാഹനങ്ങൾ മോഷ്ടിച്ച് അതിർത്തി കടത്തും, 5 പേർ പിടിയിൽ

Published : Mar 17, 2025, 02:57 PM IST
ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാൻ, ഒരു കാർ; രാത്രി വാഹനങ്ങൾ മോഷ്ടിച്ച് അതിർത്തി കടത്തും, 5 പേർ പിടിയിൽ

Synopsis

പകൽ വാഹനങ്ങൾ കണ്ടെത്തി അർദ്ധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്നാണ് വാഹനങ്ങൾ മോഷ്ടിക്കും. പിന്നീട്  മോഷ്ടിച്ച വാഹനങ്ങൾ സജിത്തിന്  കൈമാറും.

ചേർപ്പ്: അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി തൃശ്ശൂർ റൂറൽ പൊലീസ്. തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കം 5 പേരെയാണ് ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാനുകൾ, ഒരു കാറുമടക്കം 4 വാഹനങ്ങളുമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ  രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 

പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35) നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പോലിസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയതി ചേർപ്പ് പാറക്കോവിലിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഈ മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

അന്വേഷണ സംഘം നടത്തിയ വിപുലമായ അന്വേഷണത്തിൽ മോഷണ സ്ഥലത്ത് അസ്വഭാവികമായി കണ്ട ഒരു വാഹനം  കണ്ടെത്തി. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ ഒട്ടേറെ പേരുള്ള മോഷണ  സംഘത്തിലെ അംഗമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.  കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഫെബ്രുവരി 27ന്  മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ കേസിലും അന്വേഷണം നടന്നുവരവെയാണ് പൊലീസ് സംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടിയത്.  ഇതേ സമയം തന്നെ ചാലക്കാടി ഡിവൈഎസ്പി സുമേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘാം  മണ്ണുത്തി ഭാഗത്തു നിന്നും  വിജിത്ത്, രഞ്ജിത്ത്, സുനീഷ് , വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടി.

പകൽ വാഹനങ്ങൾ കണ്ടെത്തി അർദ്ധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്നാണ് വാഹനങ്ങൾ മോഷ്ടിക്കും. പിന്നീട്  മോഷ്ടിച്ച വാഹനങ്ങൾ സജിത്തിന്  കൈമാറും. സജിത്ത് വാഹനങ്ങൾ മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. രണ്ടുമൂന്നു മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി പൊലീസ് കണ്ടെത്തി.

പുതുക്കാട്  നിന്നും മോഷ്ടിച്ച ഒരു കണ്ടയ്നർ ലോറി, കൊടകര,  ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ച ദോസ്ത് പിക്ക് അപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ രഞ്ജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി  6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ 2021 ൽ 2 അടിപിടിക്കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More : 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം