Tiger Attack : ബത്തേരി വീണ്ടും കടുവാഭീതിയില്‍; ഇത്തവണ കടുവയെത്തിയത് ജനവാസമേഖലയായ സത്രംകുന്നില്‍

By Web TeamFirst Published Jan 20, 2022, 2:03 PM IST
Highlights

വനംവകുപ്പിന്റെ നിരന്തര നിരീക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇവിടെയും ഇരുട്ട് പരക്കുന്നതിന് മുമ്പ് വീടണയുകയാണ് ജനങ്ങള്‍. വനം താഴ്ഭാഗത്തായതിനാല്‍ തന്നെ ആനകളുടെ ശല്യം കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കുറ്റിക്കാടുകളും മറ്റും യഥേഷ്ടമുള്ളതിനാല്‍ പുലി, കടുവ, പന്നി എന്നിവ ഏത് സമയവും പ്രത്യക്ഷപ്പെടാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കൽപ്പറ്റ: നഗരത്തിന് സമീപമുള്ള ജനവാസമേഖലയായ സത്രംകുന്നില്‍ വീണ്ടും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കുടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയെന്നാണ് പറയുന്നത്. അതേ സമയം പ്രദേശവാസികളില്‍ നിന്ന് ഭീതി അകന്നിട്ടില്ല. രാംദാസിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് കടുവയെ കണ്ടത്. 

ചൊവ്വാഴ്ച രാവിലെയും വൈകീട്ടും കടുവയെ കണ്ട അതേസ്ഥലത്തുവെച്ചുതന്നെ ബുധനാഴ്ചയും കടുവയെ കണ്ടെന്നാണ് ഇദ്ദേഹം അധികൃതരെ അറിയിച്ചിട്ടുള്ളത്. സത്രംകുന്നില്‍ മുമ്പും കടുവയുടെ സാന്നിധ്യം സ്ഥിരികീരിച്ചിട്ടുണ്ട്. വയനാട് വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തി കൂടിയാണ് സത്രംകുന്ന്. ആനശല്യം തടയാനായി റെയില്‍പാളവേലി ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നതിന് പരാഹാരമായിട്ടില്ല. 

എങ്കിലും റെയില്‍പ്പാള വേലി വന്നത് ആനശല്യത്തിന് ഒരുപരിധിവരെ പരിഹാരമായിട്ടുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. ബത്തേരി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന കട്ടയാട് ഭാഗത്തും കടുവശല്യമുണ്ട്. പലപ്പോഴായി പ്രദേശവാസികളില്‍ ചിലര്‍ കടുവയെ കണ്ടിരുന്നു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ പകല്‍പോലും കടുവകള്‍ കാപ്പിത്തോട്ടത്തിലും മറ്റും തമ്പടിച്ച സംഭവങ്ങള്‍ കട്ടയാട് മേഖലയിലുണ്ടായിരുന്നു. 

click me!