ആദിവാസികളുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി ചീയമ്പത്തെ കടുവ; പിടികൂടാതെ വനംവകുപ്പ്

By Web TeamFirst Published Oct 6, 2020, 12:47 PM IST
Highlights

ഏറ്റവും ഒടുവില്‍ ചീയമ്പം 73ല്‍ മൂന്ന് ആടുകളെയാണ് കടുവ കൊലപ്പെടുത്തിയത്. 73 കോളനിയിലെ മാച്ചിയുടെ ജീവിതമാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്. 

കല്‍പ്പറ്റ: ചീയമ്പത്തെ ആദിവാസികുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ നാള്‍ക്കുനാള്‍ ഇല്ലാതാകുകയാണ്. ഈ കുടുംബങ്ങള്‍ അരുമയായി വളര്‍ത്തുന്ന ആടുകളെയും പശുക്കളെയുമൊക്കെ വന്യമൃഗങ്ങള്‍ പിടിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. നിരന്തരം വന്യജീവികളാല്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുമ്പോഴും അധികാരികളുടെ മുമ്പില്‍ പ്രതിഷേധിക്കാന്‍ പോലും ആവാതെ നിസ്സഹായരാണ് ഇവര്‍.

ഏറ്റവും ഒടുവില്‍ ചീയമ്പം 73ല്‍ മൂന്ന് ആടുകളെയാണ് കടുവ കൊലപ്പെടുത്തിയത്. 73 കോളനിയിലെ മാച്ചിയുടെ ജീവിതമാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്. കഴിഞ്ഞ മാസം ഇതേ കോളനിയിലെ  ബൊമ്മന്‍ എന്നയാളുടെ രണ്ട് ആടുകളെ ആളുകള്‍  നോക്കി നില്‍ക്കെ കടുവ വകവരുത്തിയിരുന്നു. ബൊമ്മന്റെ രണ്ട് ആടുകളെയും മുമ്പ് കടുവ കൊലപ്പെടുത്തിയിരുന്നു.

പ്രദേശത്ത് നിന്ന് കടുവ തുരത്താനുള്ള നടപടികള്‍ ഫലപ്രദമല്ലാത്തതാണ് ആക്രമണം പതിവാകാന്‍ കാരണം. പട്ടാപ്പകല്‍ പോലും വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് പ്രദേശത്തുള്ളത്. കഴിഞ്ഞ മാസം കടുവ ആക്രമണം ഉണ്ടായപ്പോള്‍ കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ ജഡവുമായി നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. 

തുടര്‍ന്ന് വനംവകുപ്പ് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അന്ന് കൂട് സ്ഥാപിക്കാന്‍ വിമുഖത കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രദേശത്ത് കൂടും ക്യാമറകളും സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. 

click me!