നഗരസഭാ കൗൺസിലർമാർ 'ബസ് ജീവനക്കാരായി'; വൃക്ക രോഗികളുടെ ചികിത്സക്കായി കിട്ടിയത് 23,200 രൂപ

By Web TeamFirst Published Aug 15, 2021, 5:00 PM IST
Highlights

മൂന്ന് ട്രിപ്പുകളില്‍ നിന്നും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ഇനത്തിലും സംഭാവനയായും ലഭിച്ചത്  23,200 രൂപയാണ്. 

മലപ്പുറം: വൃക്കരോഗികളുടെ ചികിത്സക്ക് പണം കണ്ടെത്താനായി  'ബസ് ജീവനക്കാരായി' തിരൂരങ്ങാടി നഗരസഭയിലെ കൗൺസിലർമാർ.  നഗരസഭയിലെ 19, 25, 28, 33 വാര്‍ഡുകളിലെ കൗൺസിലർമാരായ കരിപറമ്പത്ത് സൈതലവി,  സി എച്ച് അജാസ്,  പി കെ മഹ്ബൂബ്,  അലിമോൻ തടത്തിൽ എന്നിവരാണ് ബസ് തൊഴിലാളികളുടെ കുപ്പായമണിഞ്ഞത്. ഒറ്റ ദിവസത്തെ സര്‍വ്വീസുകൊണ്ട്  ഇവര്‍ സമാഹരിച്ചത് 23,200 രൂപയാണ്. 

വൃക്കരോഗികള്‍ക്കായുള്ള ധനസമാഹരണ വിവരമറിഞ്ഞ കക്കാട് കെ എം മുഹമ്മദ് എന്ന കെ.എം.ടി കാക്കയാണ് സ്വന്തം ബസ്സ് ജനസേവനത്തിനായി വിട്ടുകൊടുത്തത്. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ബസ്സിലേക്ക് ആവശ്യമായ ഇന്ധനവും നൽകി. കോട്ടക്കൽ -കോഴിക്കോട് റൂട്ടിലാണ് കൗൺസിലർമാര്‍ സേവനയാത്ര നടത്തിയത്. 

മൂന്ന് ട്രിപ്പുകളില്‍ നിന്നും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ഇനത്തിലും സംഭാവനയായും ലഭിച്ചത്  23,200 രൂപയാണ്.  തിരൂരങ്ങാടി നഗരസഭയിലെ എല്ലാ കൗൺസിലർമാരും തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വേതനവും  നഗരസഭ ചെയർമാന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!