
കണ്ണൂർ: അക്കരയെത്താൻ സൗകര്യപ്രദമായ ഒരു പാലമെന്ന ശ്രീകണ്ഠാപുരം അലക്സ് നഗർ നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോടികൾ ചെലവിട്ട് പാലം നിർമാണം തുടങ്ങിയെങ്കിലും പണി പൂർത്തിയാക്കാൻ ഇതുവരെയും അധികാരികൾക്കായില്ല. ദ്രവിച്ച് വീഴാറായ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് അറുതി വരുത്താൻ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് 2018 ലാണ് അലക്സ് നഗറിനെയും കാഞ്ഞിരേലിയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയത്. ഒന്നര വർഷം കൊണ്ട് പാലം ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, നിർമാണം തുടങ്ങി നാല് വർഷം കഴിഞ്ഞ പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്.
109 മീറ്റർ നീളം വേണ്ട പാലത്തിൻറെ തൂണുകളുടെ പണി മാത്രമാണ് തുടങ്ങിയത്.10 കോടിയോളം രൂപ ചെലവിൽ പാലവും അപ്രോച്ച് റോഡും പൂർത്തിയാക്കുമെന്ന് പറഞ്ഞവർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാതെയായി. വർഷങ്ങൾ പഴക്കമുള്ള ഈ തൂക്കുപാലത്തിലൂടെയാണ് നാട്ടുകാരുടെ യാത്ര. മഴക്കാലമായാൽ വിദ്യാർത്ഥികളും പ്രായമായവരുമെല്ലാം ജീവൻ പണയം വെച്ചാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്.
എന്നാൽ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധികൊണ്ട് പിൻമാറിയതാണ് നിർമാണം നീണ്ടുപോകാൻ കാരണമെന്നും പുതിയ കരാറുകാരനെ കണ്ടെത്തി പണി പൂർത്തിയാക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam