
പത്തനംതിട്ട: മാസപൂജയ്ക്ക് ഇടയിലെ റോഡ് പണി കാരണം പമ്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പമ്പ ചാലക്കയം റോഡിലാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നത്. കെഎസ്ആർടിസി ചെയിൻ സർവീസിനു കൂടുതൽ സമയം എടുക്കുന്നു. ഇതോടെ നിലയ്ക്കലിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുന്നു. സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് റോഡ് പൊളിച്ചു പണിയുന്നത്. ജോലികൾ നേരത്തെ തീർക്കേണ്ടതായിരുന്നു എന്ന വിമർശനം ഉയർന്നിരുന്നു.
നവീകരണത്തിനായി പമ്പയിലെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് കുരുക്കിന് കാരണം. നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കിൽ പെടുന്നത്. പമ്പയിലേക്ക് വലിയ തോതിൽ തീർത്ഥാടക വാഹനങ്ങൾ കടന്നുവരുന്നതിനിടയാണ് പണി നടക്കുന്നത്. അറ്റകുറ്റപ്പണി വൈകിയതിനാൽ ദേവസ്വം ബോർഡിൻ്റെ പക്കൽ നിന്ന് സർക്കാർ ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ച റോഡിലാണ് തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെയും പണി തുടരുന്നത്. കഴിഞ്ഞ 25 ദിവസം നട അടച്ച സമയം പൊതുമരാമത്ത് വകുപ്പ പണി നടത്താൻ തയ്യാറായിരുന്നില്ല.
കനത്ത മഴയും കോട മഞ്ഞും ഉള്ള സാഹചര്യത്തിൽ പണി അപകടങ്ങൾക്ക് കാരണമാകുമോ എന്ന് ആശങ്കയുണ്ട്. മണ്ഡലകാലത്തിന് സമാനമായ ബുക്കിങ് ആണ് തുലാമാസ പൂജാ കാലത്തും ഉള്ളത്. പമ്പയിൽ നടന്ന അവലോകനത്തിന് ശേഷം പ്രവൃത്തികൾ വേഗം തീർക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam