
കോട്ടയം: പൊലീസിന് എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം. കോൺഗ്രസ് പാമ്പാടി മണ്ഡലം കമ്മിറ്റിയാണ് പൊലീസിനെതിരെ പ്രമേയം പാസാക്കിയത്. പാമ്പാടി ആർഐടി കോളേജ് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പ്രമേയം. കെഎസ്യു പ്രവർത്തകരെ മർദിച്ച സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിച്ചു എന്നാണ് പ്രമേയം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരെ സംരക്ഷിച്ചെന്നാണ് കമ്മിറ്റിയുടെ ആരോപണം.
പാമ്പാടി എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാര്ക്ക് എതിരെ നടപടി വേണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജയിച്ചതിന് പിന്നാലൊണ് സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് സിപിഎം, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചേരിതിരിഞ്ഞ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥയുമുണ്ടായി. അഞ്ച് മണിക്കൂറോളം സംഘർഷം നീണ്ടുനിന്നത് പരിഭ്രാന്തി പരത്തി.
വെള്ളിയാഴ്ച വൈകിട്ട് 5:30-ഓടെ ആരംഭിച്ച സംഘർഷം രാത്രി 10:30-ഓടെയാണ് നിയന്ത്രണവിധേയമായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി ജേക്കബിന്റെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ചകൾ നടത്തി. പാമ്പാടി, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ, ഗാന്ധിനഗർ, മണിമല, പൊൻകുന്നം, അയർക്കുന്നം, മണർകാട് സ്റ്റേഷനുകളിൽ നിന്നും എആർ ക്യാമ്പിൽ നിന്നും വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam