
കോഴിക്കോട്: ആറ് വരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി - കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി - പുറമേരി - നാദാപുരം - കക്കട്ടില്‍ കുറ്റ്യാടി - പേരാമ്പ്ര ബൈപ്പാസ് - നടുവണ്ണൂര്‍ - ഉള്ള്യേരി - അത്തോളി - പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍ - ചാനിയംകടവ് - പേരാമ്പ്ര മാര്‍ക്കറ്റ് - പേരാമ്പ്ര ബൈപ്പാസ് - നടുവണ്ണൂര്‍ - ഉള്ള്യേരി - അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന് - അത്തോളി - ഉള്ള്യേരി - നടുവണ്ണൂര്‍ - കൈതക്കല്‍ - പേരാമ്പ്ര ബൈപ്പാസ് - കൂത്താളി - കടിയങ്ങാട് - കുറ്റ്യാടി - കക്കട്ട് - നാദാപുരം - തൂണേരി - പെരിങ്ങത്തൂര്‍ വഴി പോകണം.
വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പയ്യോളി സ്റ്റാന്‍ഡില്‍ കയറാതെ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam