താമരശ്ശേരി ചുരം തകര്‍ച്ചക്ക് കാരണം അമിതഭാരമുള്ള ടിപ്പറുകളെന്ന് വാദം

Web Desk   | Asianet News
Published : Feb 28, 2021, 12:39 PM IST
താമരശ്ശേരി ചുരം തകര്‍ച്ചക്ക് കാരണം അമിതഭാരമുള്ള ടിപ്പറുകളെന്ന് വാദം

Synopsis

2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിന് ശേഷം ചുരം ദുര്‍ബലവസ്ഥയിലാണ്. അമിതഭാരവുമായി വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം കാറ്റില്‍പറത്തിയാണ് ടിപ്പര്‍ ലോറികളുടെ സഞ്ചാരം. 

കല്‍പ്പറ്റ: 35 ടണ്‍ കയറ്റേണ്ട വാഹനത്തില്‍ ഇരട്ടിയും 25 ടണ്‍ ലോറികളില്‍ 40 ടണ്ണുമൊക്കെയായി ചുരം കയറിയാല്‍ ഈ പാത അധികനാള്‍ കാണില്ല. ഇത് പറയുന്നത് താമരശ്ശേരി ചുരം നിവാസികളാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ കൃത്യമായ ഭാരം പാലിക്കുമ്പോള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് ക്വാറി ഉല്‍പ്പന്നങ്ങളുമായി എത്തുന്ന ടോറസ് ലോറികളാണ് ചുരത്തിന്റെ അന്തകരായി മാറുന്നതെന്ന് ഇവര്‍ പറയുന്നു. 

2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിന് ശേഷം ചുരം ദുര്‍ബലവസ്ഥയിലാണ്. അമിതഭാരവുമായി വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം കാറ്റില്‍പറത്തിയാണ് ടിപ്പര്‍ ലോറികളുടെ സഞ്ചാരം. അധികൃതരുടെ ഒത്താശയും ടിപ്പര്‍ലോറിക്കാര്‍ക്ക് ലഭിക്കുന്നുവെന്നതിന്റെ തെളിവാണ് ഇവയുടെ അമിതഭാരം പരിശോധിക്കാതെ പോകുന്നത്.
  
ഇത്തരം ലോറികളുടെ നിരന്തര സഞ്ചാരം താമരശ്ശേരി ചുരത്തിന്റെ അപകടാവസ്ഥ വര്‍ധിപ്പിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍. ചുരം റോഡ് ടാറിങ് പ്രവൃത്തി നടന്നുകൊണ്ടിരിക്കെ ഒമ്പതാം വളവിന് താഴെയായി തകരപ്പാടിക്ക് സമീപമായിരുന്നു റോഡ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് കടുത്ത ഗതാഗതനിയന്ത്രണം ചുരത്തില്‍ ഏര്‍പ്പെടുത്തിയതോടെ ഇതുവഴിയുള്ള സാധാരണ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. 

ബസുകള്‍ മാറിക്കയറിയും വാഹനത്തിരക്കില്‍പ്പെട്ടും ലക്ഷ്യസ്ഥാനങ്ങളിലെത്തണമെങ്കില്‍ മണിക്കൂറുകള്‍ക്ക് മുമ്പേ വീട്ടില്‍ നിന്നിറങ്ങണമെന്നതാണ് സ്ഥിതി. പരമാവധി 25 ടണ്‍ ചരക്കുവാഹനങ്ങള്‍ കടത്തിവിട്ടാല്‍ മതിയെന്ന് കോഴിക്കോട് ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ടിപ്പര്‍ലോറി ഉടമകളുടെ സമര്‍ദ്ദം കാരണം നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറന്നു. രണ്ട് പ്രളയത്തിന് ശേഷവും പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭാരവാഹനങ്ങളെ നിയന്ത്രിച്ചില്ലെന്നതാണ് ചുരത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

 ''അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ 30 ടണ്ണിലധികം വരുന്ന നാല് ലോറികളെങ്കിലും ഇടതടവില്ലാതെ ചുരം കയറുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.  ദിവസവും 30000 ത്തിനടുത്ത് ചെറുതും വലുതുമായ വാഹനങ്ങള്‍ ചുരംവഴി കടന്നുപോകുന്നതായാണ് കണക്ക്. രാവിലെ പത്തിന് ശേഷമെ ടിപ്പര്‍ലോറികള്‍ ചുരം കയറാവു. വൈകുന്നേരവും രണ്ട് മണിക്കൂര്‍ സമയത്തേക്ക് നിയന്ത്രണമുണ്ട്. 

ഇതൊക്കെയാണെങ്കിലും മിക്ക സമയങ്ങളിലും ചുരം റോഡില്‍ കൂറ്റന്‍ലോറികളെ കാണാം. അരിച്ചുനിങ്ങുന്ന ഇവക്ക് പിന്നില്‍ കാറുകളടക്കമുള്ളവയുടെ തിക്കിതിരക്ക് ആയിരിക്കും. ഭീമന്‍ലോറികളെ മറികടക്കാനുള്ള ബൈക്ക് യാത്രികരുടെ ശ്രമത്തിനിടെ നിരവധി തവണ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു