ട്രാഫിക്ക് തെറ്റിച്ചത് ചോദ്യം ചെയ്ത പൊലീസുകാര്‍ക്ക് മര്‍ദ്ദനം; അറസ്റ്റ് ചെയ്തവരെ എസ്എഫ്ഐ നേതാക്കളെത്തി മോചിപ്പിച്ചു

By Web TeamFirst Published Dec 13, 2018, 9:40 AM IST
Highlights

സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 
 

തിരുവനന്തപുരം: സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ഏതാണ്ട് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു മര്‍ദ്ദനം. പൊലീസ് എത്താന്‍ വൈകിയത് മൂലം ഗതാഗതം താറുമാറായി. 

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത അക്രമിസംഘത്തെ രാഷ്ട്രീയ നേതാക്കളെത്തി മോചിപ്പിച്ചു. അക്രമികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് സംശയമുണ്ട്. 

ട്രാഫിക്ക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തിനിടെ യുവാവ് പൊലീസുകാരനെ പിടിച്ച് തള്ളുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരായ വിനയ ചന്ദ്രനും ശരതും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് ഇരുവരെയും മര്‍ദ്ദിച്ചു. 

ഇതിന് ശേഷം ഇയാള്‍  യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കൂടി വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിച്ചു. എന്നാല്‍ ഇതിനിടെ ഇവിടെ നിന്ന് രക്ഷപ്പെട്ട അമല്‍ കൃഷ്ണ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം മര്‍ദ്ദനമേറ്റ പൊലീസുകാരെ ഉപേക്ഷിച്ച് കടന്നിരുന്നു. 

സംഘത്തിലുണ്ടായിരുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയെങ്കിലും എസ്എഫ്ഐ നേതാക്കളെത്തി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തേക്ക് എത്തിയതോടെ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ പൊലീസുകാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

പൊലീസിനെ മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ആരോമലെന്ന്  സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന ആറോളം പേര്‍ക്കെതിരെ കേസെടുത്താതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തതായി കണ്‍ട്രോള്‍മെന്‍റ് പൊലീസ് പറഞ്ഞു. 

രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് പൊലീസുകാര്‍ മര്‍ദ്ദിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയായ കനകക്കുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് മര്‍ദ്ദനമേറ്റിരുന്നു. 

click me!