
തിരുവനന്തപുരം: ദേശീയ പാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണ അപകടത്തിൽ 48 കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തുമായി ശശി തരൂർ എംപി. അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണം. സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികൾ ചെയ്യേണ്ടുന്ന സമയത്തിനും ക്രമം വരുത്തണമെന്നുമാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
അരൂർ തുറവൂരിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡറുകൾ വീണ് 48 കാരനായ രാജേഷ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറിയായിരുന്നു അപകടമുണ്ടായത്. പിക് അപ് വാനിന് മുകളിൽ വീണ 80- 90 ടൺ ഭാരമുള്ള ഗർഡറുകൾ മാറ്റാതെ ആദ്യ മൂന്ന് മണിക്കൂർ പൊലീസിനും ഫയർ ഫോഴ്സിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിർമ്മാണ പ്രവർത്തികൾക്കായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ആറരയോടെ ഭീമൻ ഗർഡറുകൾ ഉയർത്തി. മറ്റൊരു ക്രെയിൻ ഉപയോഗിച്ച് പിക് അപ് വാൻ പുറത്തേക്ക് എടുത്തു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവർ രാജേഷിനെ പുറത്ത് എടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പള്ളിപ്പാട് ഓട്ടോ ഡ്രൈവർ ആയ രാജേഷ് സ്ഥിരം ഡ്രൈവർ ഇല്ലാത്തപ്പോഴാണ് ലോഡ് എടുക്കാൻ പിക്ക് വാനിൽ പോകാറുള്ളത്. തമിഴ്നാട്ടിൽ നിന്ന് കോഴിമുട്ട എടുത്ത് എറണാകുളത്ത് എത്തിച്ചശേഷം ആലപ്പുഴയ്ക്ക് മടങ്ങുമ്പോഴായിരുന്നു ഈ അപകടം.