
കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി ചെമ്പക്കുന്ന് പുത്തന്‍വീട്ടില്‍ മണികണ്ഠ(25) നെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്.
കുന്നമംഗലം പെരിങ്ങളത്തിന് സമീപം വരട്ട്യാക്ക് ചേലൂര്‍ തടായി റോഡില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുക്കത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം രണ്ടംഗ സംഘം ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമായി കവര്‍ച്ചക്ക് ശേഷം 40 കിലോമീറ്ററോളം ദൂരം ഇരുവരും വിവിധ റോഡുകളിലൂടെ സഞ്ചരിച്ചു. പിന്നീട് നരിക്കുനിയിലെ മണികണ്ഠന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് ഇരുവരും നടത്തിയ ദീര്‍ഘദൂര യാത്രയെ കുറിച്ച് വ്യക്തമായ ധാരണ വന്നിരുന്നു. പോലീസ് തങ്ങളിലേക്ക് എത്തുമെന്ന സൂചന ലഭിച്ചതോടെ ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവരെ പിന്തുടര്‍ന്ന് പോലീസും തമിഴ്‌നാട്ടില്‍ എത്തിയെങ്കിലും ഇവര്‍ വീണ്ടും കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവന്നു. തുടര്‍ന്ന് കോഴിക്കോട് പാവമണി റോഡില്‍ വെച്ചാണ് മണികണ്ഠന്‍ പിടിയിലാകുന്നത്. സംഘത്തിലെ പ്രധാനിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് കച്ചവടത്തിലുണ്ടായ നഷ്ടം നികത്താനാണ് സ്വര്‍ണാഭരണം കവര്‍ന്നതെന്നാണ് മണികണ്ഠന്‍ പോലീസിനെ അറിയിച്ചത്. മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam