മലപ്പുറം പരപ്പനങ്ങാടിയിൽ മോഷ്ടാക്കളുടെ സാന്നിധ്യം. നെടുവ, കുപ്പിവളവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ എത്തിയത്. ഇതോടെ രാത്രികാല പട്രോളിങ് അടക്കം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ സാന്നിധ്യം വീണ്ടും സജീവമായത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നെടുവ, കുപ്പിവളവ് തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രികാലങ്ങളില്‍ മോഷണശ്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകള്‍ ലക്ഷ്യമിട്ട് കള്ളന്മാര്‍ എത്തുന്നതായുള്ള സംഭവങ്ങള്‍ വര്‍ധിച്ചതോടെ രാത്രികാല സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമീപ പ്രദേശങ്ങളില്‍ രണ്ട് മോഷണശ്രമങ്ങളാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച ചേളാരി റോഡില്‍ മൊടുവിങ്ങലില്‍ കാട്ടിക്കൊലോത്ത് രവീന്ദ്രന്റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്ന് ബഹളംവെക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും മോഷ്ടാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ നെടുവ താണ്ടാംപറമ്പത്ത് അര്‍മുഖന്‍, കാഞ്ഞിരശ്ശേരി സുമതി എന്നിവരുടെ വീടുകളിലും മോഷണശ്രമം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് വീടുകള്‍ക്ക് സമീപം മോഷ്ടാവിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. വീടിന് സമീപം ഒളിച്ചുനില്‍ക്കുകയായിരുന്നയാള്‍ വീട്ടുകാര്‍ ബഹളംവെച്ചതോടെ പരിഭ്രാന്തനായി. തുടര്‍ന്ന് സിസിടിവി ക്യാമറയുടെ പരിധിയില്‍പ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഭീതിയോടെ പ്രദേശവാസികൾ

വീടുകളില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് മോഷ്ടാക്കള്‍ എത്തുന്നത് പ്രദേശവാസികളില്‍ കൂടുതല്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് രാത്രികാലങ്ങളില്‍ വീടുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഒറ്റപ്പെട്ട വീടുകളും റോഡരികിലെ വീടുകളും കേന്ദ്രീകരിച്ച് കൂടുതല്‍ ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്‍പ് പ്രദേശത്ത് മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു.

പ്രദേശവാസികള്‍ പരസ്പരം ജാഗ്രത പുലര്‍ത്തുകയും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തുവരികയാണ്. അടുത്തടുത്ത പ്രദേശങ്ങളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മോഷണശ്രമങ്ങള്‍ ആവര്‍ത്തിച്ചതോടെ രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കുകയും നിലവിലുള്ള ക്യാമറകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മോഷണശ്രമങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണോയെന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.