തൃക്കാക്കര എസിപിയുടെ ഡ്രൈവറായ പൊലീസുകാരൻ ഭാര്യയുടെ പേരിൽ കൊച്ചിയിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. ഈ ബെനാമി ഇടപാട് ചോദ്യം ചെയ്ത മറ്റൊരു ബസ് ഉടമയുടെ ബസുകൾ അടിച്ച് തകർത്ത കേസിലും ഇയാൾ പ്രതിയാണെന്ന് ആരോപണമുണ്ട്. സമ്മർദ്ദം സഹിക്കവയ്യാതെ ബസ് ഉടമകൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കൊച്ചി: കൊച്ചിയിൽ ഭാര്യയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. തൃക്കാക്കര എസിപിയുടെ ഡ്രൈവർ ഷെബി എന്നറിയപ്പെടുന്ന ഗോപി ശാന്തിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. ബെനാമി സർവീസുകൾ ചോദ്യം ചെയ്തയാളുടെ ബസുകൾ ആലപ്പുഴയിൽ അടിച്ചു തകർത്ത കേസിൽ പ്രതിയുമാണ് ഈ പൊലീസുകാരൻ. വൈറ്റില-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ജയാസ് എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശി പ്രജിത തൃക്കാക്കര എസ്പിയുടെ പൊലീസ് ഡ്രൈവർ ഗോപിശാന്തിന്റെ ഭാര്യയാണ്. പേരിൽ മാത്രമാണ് പ്രജിതയുടെ ഉടമസ്ഥത.

കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് ഗോപിഷാന്ത് നേരിട്ടാണെന്നും പറയുന്നു. നാല് ബസ് സർവീസുകൾ മാത്രമല്ല, പെർമിറ്റ് എടുത്ത് മറിച്ച് വിൽക്കാറുമുണ്ട്. മറ്റ് ബസ് ഉടമകളെ കേസിൽ ഉൾപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും ബസ് ഉടമ സുനിഷിൻറെ 8 ബസുകളുടെ ചില്ല് അടിച്ച് തകർത്തതിന് ഗോപിശാന്തിന്റെ പേരിൽ കേസുണ്ടെന്നും രേഖകൾ പറയുന്നു. സമ്മർദ്ദം സഹിക്കാനാകാതെ ഒടുവിൽ ബസ് ഉടമകൾ ഗോപിശാന്തിനെതിരെ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.