നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Published : Jul 05, 2023, 12:08 PM IST
നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Synopsis

തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിന് പോയ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.

വയനാട്: വയനാട് ജില്ലയിലെ പനവല്ലി സർവ്വാണി വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിന് പോയ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. പലർക്കും മുറിവുകളും ചതവുകളുമടക്കമുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തനെയുള്ള വളവിൽ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

അതേസമയം, പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ്, വിദ്യാർത്ഥികളായ യദുകൃഷ്ണൻ, ശ്രീലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

പിക്കപ്പ് വാൻ, ഓട്ടോറിക്ഷ ഇരു ചക്ര വാഹനം, കെ എസ് ആർ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുമ്പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ വരുകയായിരുന്ന ഇരു ചക്ര വാഹനം, ഓട്ടോറിക്ഷ, കെഎസ്ആർടിസി എന്നിവ കൂട്ടി മുട്ടുകയായിരുന്നു. പിന്നിൽ കെഎസ് ആർടിസി ബസ് ഇടിച്ചതിന്റെ ആഘാതത്തിലാണ് ഓട്ടോറിക്ഷ സമീപത്തെ പാടത്തേക്ക് വീണത്. വടക്കഞ്ചേരിയിലെയും വള്ളിയോട്ടിലെയും വിവിധ സ്കൂളുകളിലെ പത്തോളം വിദ്യാർഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി