
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന.
മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ ചർച്ചയായി. പ്രതിപക്ഷം വിധി സർക്കാരിനെതിരെ ആയുധമാക്കി. പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണ്. പ്രതികളെ ശിക്ഷാനാവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികളെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാൽ കേസിൽ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിൽ വിധി പറഞ്ഞു. കോടതി ഡിഎൻഎ തെളിവിന് പോലും വില കല്പിച്ചില്ലെന്നായിരുന്നു വിധി വന്നതിന് പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam