ഉള്‍ക്കാട്ടില്‍നിന്ന് ശേഖരിക്കും, ചെറു കവറുകളിലാക്കി റോഡിലേക്ക്; വറുതിക്കാലങ്ങളെ മറികടക്കാന്‍ ഞാവല്‍ വില്‍പ്പനയുമായി ഗോത്ര ജനത

Published : Jun 21, 2026, 03:26 PM IST
Wayanad Tribes Jamun Selling

Synopsis

വറുതിക്കാലങ്ങളെ മറികടക്കാന്‍ ഞാവല്‍ വില്‍പ്പനയുമായി സജീവമായിരിക്കുകയാണ് ഗോത്ര ജനത. ദേശീയപാത 766ല്‍ കല്ലൂര്‍, മുത്തങ്ങ, പൊന്‍കുഴി ഭാഗങ്ങളിലാണ് വയനാട്ടിലെ ചില ഗോത്ര കുടുംബങ്ങള്‍ കാട്ടുഞാവല്‍ വിൽപന ആരംഭിച്ചിരിക്കുന്നത്. 

സുല്‍ത്താന്‍ ബത്തേരി: മഴക്കാലത്തെ വിശപ്പകറ്റാൻ കാട്ടുഞാവല്‍ ശേഖരിച്ച് വില്‍പ്പന നടത്തുകയാണ് വയനാട്ടിലെ ചില ഗോത്ര കുടുംബങ്ങള്‍. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766ല്‍ മുത്തങ്ങ പൊന്‍കുഴി ഭാഗങ്ങളിലൂടെ യാത്ര ചെയ്താല്‍ റോഡിന്റെ ഇരുഭാഗത്തും ഇത്തരം വില്‍പ്പനക്കാരെ കാണാം.

മധുരമുള്ള ചെറുഞാവലും നിറച്ചുള്ള പ്ലാസ്റ്റിക് കവറുകള്‍ യാത്രക്കാര്‍ക്ക് നേരെ നീളുമ്പോള്‍ വിശപ്പകറ്റാനുള്ള പ്രതീക്ഷ കൂടിയാണ് അതിന് പിന്നില്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ മഴ ശക്തമായാല്‍ ഗോത്ര ജനതക്ക് മിക്ക ദിവസങ്ങളില്‍ ജോലിയുണ്ടാകാറില്ല. ഇത്തരം വറുതിക്കാലങ്ങളെ മറികടക്കാന്‍ കൂടിയാണ് ഇവര്‍ ഞാവല്‍ വില്‍പ്പനയുമായി പാതയോരങ്ങളിലെത്തുന്നത്.

ദേശീയപാത 766ല്‍ കല്ലൂര്‍, മുത്തങ്ങ, പൊന്‍കുഴി ഭാഗങ്ങളാണ് ഞാവല്‍പഴ വില്‍പ്പനക്കാരാല്‍ സജീവമായിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ പാതയോരത്ത് ഞാവല്‍ വില്‍ക്കാന്‍ സ്ത്രീകളും പുരുഷന്മാരും എത്തും. ഇതുവഴി കടന്നുപോകുന്ന വാഹന യാത്രികര്‍ക്കാണ് പഴങ്ങള്‍ വില്‍പ്പന നടത്തുന്നത്.

ഉള്‍ക്കാട്ടില്‍പോയി മരങ്ങളില്‍നിന്ന് നിലത്തുവീഴാതെ ശേഖരിക്കുന്ന ഞാവല്‍പഴം കേടുപാട് കൂടാതെ ചെറിയ കവറുകളിലാക്കുകയാണ് ആദ്യ പണി. ഈ കവറുകള്‍ ബക്കറ്റിലോ മറ്റോ നിറച്ച് പാതയോരത്തേക്ക് എത്തും. കവറിന് അമ്പത് രൂപ നിരക്കിലാണ് വില്‍പ്പന. പത്ത് മുതല്‍ ഇരുപത് കവര്‍ ഞാവല്‍ വരെ വില്‍പ്പന നടത്തുന്ന കച്ചവടക്കാരും കൂട്ടത്തിലുണ്ട്.

തൊഴില്‍ക്ഷാമം നേരിടുന്ന ഈ സമയത്ത് തങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ഞാവല്‍പഴ വില്‍പ്പനയെന്ന് ഇവര്‍ പറയുന്നു. ഇനിയുളള ഒരുമാസം ഞാവല്‍പഴം വില്‍പ്പന നടത്തിയാണ് ഇവര്‍ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുക. ചെറുതും സ്വാദിഷ്ടവുമായ ഞാറഞാവലാണ് ഗോത്രജനത ദേശീയപാതയോരത്ത് എത്തിച്ച് വില്‍പ്പന നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനക്കാരിയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ; യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി, ദമ്പതികള്‍ പിടിയില്‍
കാര്‍ ആക്‌സസറീസ് കടയുടെ മുകളില്‍ പ്രത്യേകം സജീകരണങ്ങൾ, രാസലഹരി വില്‍പന; രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍