വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന വൻ മോഷണക്കേസിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഐ.സി.ഡി.എസ് സെക്ഷനിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളാണ് ഇയാൾ കവർന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് മോഷണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലപ്പുറം: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണ കേസില്‍ പ്രതിയെ വേങ്ങര പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ഐ.സി.ഡി.എസ്. സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ കാട്ടീവീട്ടില് ഇഹാബ് ഹംസ (44) ആണ് പിടിയിലായത്. നവംബര്‍ മൂന്നാം തീയതി വൈകീട്ട് 5:30-നും നവംബര്‍ നാലാം തീയതി രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരവും ഓഫീസിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്.
തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഓഫീസ് പ്രവര്‍ത്തന സമയത്ത് കെട്ടിടത്തിന്റെ ചാവികള്‍ അലക്ഷ്യമായി വെച്ചതാണ് പ്രതിക്ക് കൃത്യം എളുപ്പമാക്കാന്‍ കാരണമായതെന്നും ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അതേസമയം, പ്രതി വെങ്കുളം സ്വദേശിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും, ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേങ്ങര മാര്‍ക്കറ്റ് റോഡിലേക്ക് താമസം മാറിയതാണെന്നും പ്രദേശവാസികള്‍ പറയുന്നു.














