ഓൺലൈൻ ആപ്പുകൾ വഴിയുളള ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

By Web TeamFirst Published Jan 11, 2019, 8:45 PM IST
Highlights

ഓൺലൈൻ ആപ്പുകൾ വഴി പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍. പ്രകൃതി സൗഹൃദ വസ്തുക്കളില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

തിരുവനന്തപുരം: ഓൺലൈൻ ആപ്പുകൾ വഴി പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍. പ്രകൃതി സൗഹൃദ വസ്തുക്കളില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്നതിന് ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്.

പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ഉപഭേക്താക്കള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളിലാക്കി ഭക്ഷണം പകര്‍ന്ന് കൊടുക്കുകയോ ചെയ്യണം എന്നാണ് നിര്‍ദ്ദേശം. അളവില്‍ വ്യത്യാസം വരുന്നില്ലെന്ന് ഉറപ്പാക്കാനായി ഭക്ഷണം തൂക്കി വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ദാതാക്കളുടെ യോഗം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കും.

അതേസമയം, ഹോട്ടലുകളിലും റസ്റ്റോറന്‍റുകള്‍ക്കും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ നല്‍കിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. ഊബര്‍ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റേ, സ്വാപ് എന്നീ സേവനദാതാക്കളാണ് നഗരത്തില്‍ പ്രധാനമായും ഓണ്‍ലൈനായി ഭക്ഷണമെത്തിക്കുന്നത്.
 

click me!