
ഹെലികോപ്റ്ററിന്‍റെ കാറ്റേറ്റ് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ സ്ത്രീയ്ക്ക് നല്‍കുന്നത് സൗജന്യ ചികിത്സയെന്ന വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്. വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജയ്ക്കാണ് ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരുടെ ചികിത്സാ സംബന്ധമായി തെറ്റായ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാതരം വിലകൂടിയ മരുന്നുകളടക്കമുള്ള ചികിത്സകളും സൗജന്യമായാണ് നല്‍കിയത്. അതിന് മുമ്പ് ചെലവായെന്ന് പറയുന്ന ശസ്ത്രക്രിയ്ക്കായി വാങ്ങിയ ഉപകരണത്തിന്റെ ബില്ല് എത്ര രൂപയാണെങ്കിലും കൊണ്ടു വരുന്ന മുറയ്ക്ക് അത് റീഫണ്ട് ചെയ്ത് കൊടുക്കുന്നതാണെന്നും ഡോ എം എസ് ഷര്‍മ്മദ് വിശദമാക്കി.
ഇക്കാര്യങ്ങള്‍ ഗിരിജയോട് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറും, നഴ്‌സിംഗ് സൂപ്രണ്ടും ആശുപത്രിയില്‍ വച്ച് വിശദമാക്കിയിട്ടുണ്ടെന്നും ഡോ എം എസ് ഷര്‍മ്മദ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചികിത്സാ സൗജന്യം ലഭിക്കുന്നതിന് മുന്‍പ് ആറായിരം രൂപ ചെലവായെന്നാണ് ഗിരിജ വ്യക്തമാക്കിയത്. ഈ തുക ബില്ല് കൊണ്ടു വരുന്ന മുറയ്ക്ക് നല്‍കുമെന്നും ഡോ എം എസ് ഷര്‍മ്മദ് വിശദമാക്കി. ഇതില്‍ ശസ്ത്രക്രിയയ്ക്കായി വാങ്ങിയ ഉപകരണത്തിന്‍റെ തുകയും നല്‍കുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam