
കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ് സെവൻ ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
കൊച്ചിയിലെ ഐടി വ്യവസായിക്കെതിരെ ഗുരുതര ആരോപണമാണ് യുവതി ഉയര്‍ത്തുന്നത്. വേണു ഗോപാലകൃഷ്ണൻ തൊഴിലിടത്തിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം യുവതി പരാതി നൽകി.യുവതിയുടെ മൊഴിയെടുത്ത ഇൻഫോപാർക്ക് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. എന്നാൽ പണം തട്ടാനുള്ള ശ്രമം പാളിയതിനെ തുടർന്നാണ് സിഈഒ ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
ഒന്നരവർഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്സിക്യുട്ടിവ് അസിസ്റ്റാൻഡായിരുന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് ഇയാൾ നൽകിയ പരാതിയെ തുടർന്ന് ഹണി ട്രാപ്പ് കേസിൽ പ്രതിയാകുന്നത്. ഇവരെയും ഭർത്താവിനെ രണ്ടാം പ്രതിയുമാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവതി കമ്പനി സിഇഒ തന്നെ തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന് പരാതി നൽകുമെന്ന് അറിയിച്ചതോടെ ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് തന്നെ വിളിച്ച് വരുത്തി തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസിൽ കുടുക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ മൊഴിയെടുത്ത ഇൻഫോപാർക്ക് പൊലീസ് വേണു ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് സ്ത്രീത്വത്തെ അപമാനിച്ചതിനും,ഭീഷണിപ്പെടുത്തിയതിനും കേസെടുത്തത്. സ്ഥാപനത്തിലെ മറ്റ് മൂന്ന് പേരും പ്രതികളാണ്. എന്നാൽ യുവതിയുടെ ആരോപണം വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവർ നിഷേധിക്കുകയാണ്. പണം തട്ടാനുള്ള ശ്രമമാണ് യുവതിയും ഭർത്താവും ചേർന്ന് നടത്തിയതെന്നും ഇതിനെ നിയമപരമായി നേരിട്ടപ്പോൾ വ്യാജ പരാതിയുമായി രംഗത്ത് വരികയാണെന്നുമാണ് വിശദീകരണം.