
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പി എസ് കവലയിലുള്ള പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ സി എ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി 22ന് രാത്രി 11.36നായിരുന്നു സംഭവം.
ഓഫീസ് മുറിയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ചാണ് ഇവർ അകത്തുകയറിയത്. മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ നിരവധി മോഷണക്കേസുകളിൽ പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്.
ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി യുടെ നേതൃത്വത്തിൽ പൂച്ചാക്കൽ സിഐ ഷെഫീക്ക് എ, എസ്ഐമാരായ അനിൽകുമാർ, വീനസ്, സിപിഒമാരായ ഗിരീഷ്, അരുൺ, പ്രവീഷ്, സൈബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam