
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പ്രതികൾ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് നാല് കിലോ കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. ഡൻസാഫും എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ച് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്.
കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് പ്രതികൾ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ മജീദ്. ആന്ധ്രയിൽ നിന്നും ലഹരികടത്തുകാർ തമിഴ്നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തിൽപെട്ട പ്രധാനിയാണ് തമിഴ് നാട് സ്വദേശിയായ മുരുകൻ.നആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻപ് ഇത്തരം കേസിൽ പെട്ടവരെയും മയക്കുമരുന്ന് മാഫിയയുമായി ബന്ധംപുലർത്തുന്നവരെയും നഗരത്തിൽ ഇത്തരം സംഘങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും നീരീക്ഷണം ശക്തമാക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐ.പി.എസ് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്ന് നിർദ്ദേശം നൽകിയിരുന്നു. ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മൊത്തവിപണനക്കാരിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതൽ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.
ഇത്തരത്തിൽ പൗച്ചുകളിലാക്കി വിൽപന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ്, എസ്.ഐ മാരായ രാജീവ്, സന്ദീപ് എ.എസ്.ഐ മാരായ പ്രകാശൻ സുരേഷ് ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam