
കൊല്ലം: ഒഴിഞ്ഞ ഇരുമ്പ് വീപ്പകൾ കടൽത്തീരത്ത് അടിഞ്ഞതിൽ പരിഭ്രാന്തരായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കൽ ക്ഷേത്രത്തിനു സമീപം മൈലാടുംകുന്നിനു മധ്യഭാഗത്തെ കടൽഭിത്തിയിലാണ് വീപ്പകൾ കണ്ടത്.
രാവിലെ ആറുമണിയോടെയാണ് രണ്ട് വീപ്പകൾ കടലിൽ തീരത്തോട് ചേർന്ന് കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആദ്യം കരുനാഗപ്പള്ളി പൊലീസും പിന്നീട് തീരദേശ പൊലീസും സ്ഥലത്തെത്തി. തുടർന്ന് വീപ്പകൾ കരയിലേക്കു മാറ്റിയതോടെയാണ് ഒഴിഞ്ഞ വീപ്പകളാണെന്ന് വ്യക്തമായത്.
കഴിഞ്ഞ വർഷം കപ്പൽ മുങ്ങിയപ്പോൾ കണ്ടെയ്നറുകളിൽ നിന്നുള്ള വീപ്പകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടുതലായി ഒഴുകി എത്തിയത് ആലപ്പാട് തീരത്തായിരുന്നു. അതിൽപെട്ടവയാണിതും എന്നാണ് സംശയം.
മത്സ്യബന്ധന വലയിൽ കണ്ടെയ്നറിന്റെ ലോഹ അവശിഷ്ടങ്ങൾ കുരുങ്ങി, വല നശിക്കുന്നത് പതിവാണ്. ഇന്നലെയും ഇത്തരത്തിൽ വലയിൽ ലോഹാവശിഷ്ടങ്ങൾ കുരുങ്ങി. ഇരുമ്പ് വീപ്പകൾ കൂടി കണ്ടതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam