
കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കോഴിക്കോട് (kozhikode) നഗരത്തിലെ ഓവുചാലുകള്‍ നവീകരിക്കാന്‍ നടപടിയില്ല. പൊളിഞ്ഞതും തുറന്ന് കിടക്കുന്നതുമായ കോണ്‍ക്രീറ്റ് സ്ളാബുകള്‍ മരണക്കെണിയായി മാറുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് ഒളവണ്ണ പഞ്ചായത്തിലെ (olavanna panchayath) പാലാഴിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് വയോധികൻ മരിച്ചത്. ഇത്തരത്തിൽ പ്രദേശത്ത് മൂന്ന് മാസത്തിനിടെ രണ്ടുപേർ തുറന്ന് കിടന്ന ഓടയിൽ വീണ് മരിച്ചു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തു. സമാന അവസ്ഥയിലാണ് നഗരത്തിലെ പല ഓടകളും.
കോഴിക്കോട് ബഷീർ റോഡിലുള്ള ഓടകളിൽ ചിലതിന് സ്ലാബ് ഇല്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടകളിൽ പലതും പൊട്ടിക്കിടക്കുന്നു. സിഎച്ച് മേൽപ്പാലത്തിലെ ഓടകൾ കാലങ്ങളായി തകർന്ന് കിടക്കുകയാണ്. അശോകപുരം ഭാഗത്ത് തകർന്ന സ്ലാബുകൾക്ക് മുകളിൽ പുതിയ സ്ലാബിട്ടതും അപകടാവസ്ഥയുണ്ടാക്കുന്നു. കാൽനടയാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നതാണ് ഓടകളുടെ ഈയവസ്ഥ. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഓടകൾ നന്നാക്കാനായി തുടർനടപടികൾ സ്വീകരിക്കാൻ പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മേയറുടെ മറുപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam