
മാനന്തവാടി: തിരുനെല്ലി കാളിന്ദി നദിയില്‍ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങിയ വിദേശവനിതക്കും സുഹൃത്തിനും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവന്‍. ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാള്‍ അപ്രതീക്ഷിതമായി കയത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ വിദേശ വനിതയും വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ പാണ്ടിക്കടവ് സ്വദേശികളായ സി.കെ ഉമ്മര്‍, സി.കെ ജലീല്‍ എന്നിവരും അവിടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും അമാന്തം കാണിക്കാതെ പുഴയിലേക്ക് ചാടി ഇരുവരെയും മുങ്ങിപോകാതെ പിടിച്ചു നിര്‍ത്തി. പിന്നീട് കരക്ക് നിന്നവര്‍ ഇട്ടുനല്‍കി തുണിയില്‍ പിടിച്ച് രണ്ടുപേരെയും കരക്കെത്തിക്കുകയായിരുന്നു. നല്ല ആഴമേറിയ ഭാഗമാണ് ഇതെന്നും നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ ഇരുവരുടെയും ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വനിത നെതര്‍ലാന്‍ഡ് സ്വദേശിനിയാണെന്നാണ് സൂചന. അവധി ദിനമായതിനാല്‍ കുടുംബത്തോടൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു ഉമ്മറും ജലീലും. അതിനിടയിലായിരുന്നു അപകടം ശ്രദ്ധയില്‍പ്പെട്ടത്. സ്വജീവന്‍ പണയപ്പെടുത്തി വിദേശസഞ്ചാരികളെ രക്ഷിച്ച മൂന്ന് പേരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam