
പത്തനംതിട്ട: അടൂരിൽ അഗതി മന്ദിരത്തിൽ കഴിയുന്ന രണ്ട് പെൺകുട്ടികൾക്ക് നാട്ടുകാരുടെ സഹായത്തോടെ വിവാഹം. ചെറുപ്പം മുതൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ കഴിയുന്ന അശ്വതിക്കും സാന്ദ്രക്കും വേണ്ടിയാണ് കൊടുമൺ പഞ്ചായത്ത് ഒന്നിച്ചത്.
എട്ട് കൊല്ലം മുമ്പ് ജീവിതം വഴിമുട്ടിയിടത്ത് നിന്നാണ് സാന്ദ്ര അമ്മ ഷീനക്കൊപ്പം മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിയത്. ആറ് കൊല്ലം മുമ്പാണ് സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയ ശേഷമാണ് അശ്വതിയും അമ്മ ഗിരിജയും അഗതി മന്ദിരത്തിൽ അഭയം പ്രാപിച്ചത്. വയോജനങ്ങളെ മാത്രം സംരക്ഷിച്ചിരുന്ന മഹാത്മ ജനസേവനകേന്ദ്രം ഇരുവരുടെ ജീവിത പ്രയാസങ്ങൾ കണ്ട് ഇരുവര്‍ക്കും സംരക്ഷണം നൽകി. പിന്നീട് ഇങ്ങോട്ട് സാന്ദ്രയേയും അശ്വതിയേയും സ്വന്തം മക്കളെ പോലെയാണ് മഹാത്മ ജനസേവ കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും ഭാര്യ പ്രിഷീൽഡയും വളർത്തിയതും പഠിപ്പിച്ചതും.
ഒടുവിൽ, മാഹാത്മയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. എന്നാല്‍, പങ്കാളികളെ രണ്ട് പേരും സ്വയം കണ്ടെത്തിയെന്ന പ്രത്യേകതയുണ്ട്. മഹാത്മയിലെ തന്നെ ജീവനക്കാരൻ അൻസുവാണ് സാന്ദ്രയുടെ വരൻ. കൊല്ലം കുണ്ടറ സ്വദേശി ബിനുവാണ് അശ്വതിയെ വിവാഹം ചെയ്യുന്നത്.
കൊടുമൺ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ച് വിപുലമായാണ് വിവാഹം നടന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. രണ്ട് പേർക്കും വിവാഹ സ്നേഹ സമ്മാനമായി മഹാത്മയ്ക്ക് ലഭിച്ച സ്ഥലത്ത് നിന്ന് പത്ത് സെന്‍റ് വീതം സ്ഥലവും നൽകി. നാട്ടുകാരുടെ സ്നേഹ സമ്മാനങ്ങൾ വേറെ. നാട്ടുകാരുടെ അനുഗ്രഹാശിസുകാളോടെ ഇരുവരും പുതിയ കുടുംബ ജീവിതത്തിലേക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam