
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയും സഹായിയും കൊച്ചിയില്‍ പൊലീസ് പിടിയിലായി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയ രണ്ടംഗ സംഘമാണ് കുറുപ്പുംപടി പൊലീസിന്‍റെ പിടിയിലായത്.തൃശൂർ മയലിപ്പാടൻ സ്വദേശി ജയൻ, ചാലക്കുടി സ്വദേശി ഫ്രഡ്‌ഡി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലായ ജയന്റെ ഭാര്യ ഹണിയാണ് കേസിലെ ഒന്നാംപ്രതി. ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
2022 സെപ്റ്റംബർ 27 തീയതി കുറുപ്പുംപടി തുരുത്തി സ്വദേശിനി ജീവാ റെജിയിൽ നിന്ന് 32 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തിരുന്നു. എറണാകുളത്ത് ആരംഭിക്കുന്ന ബിസിനസ് സംരഭത്തില്‍ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. ഇതുകൂടാതെ ജീവാ റജിയുടെ സഹോദരൻ കോട്ടപ്പടി സ്വദേശി ജോബിയിൽ നിന്ന് ഇവർ അമ്പതു ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. പ്രതികൾ വികസിപ്പിച്ചെടുത്ത ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ്‌വെയർ സ്ഥാപനത്തിന്റെ ഡയറക്ടർ ആക്കാം എന്ന് പറഞ്ഞാണ് ജോബിയിൽ നിന്ന് ഇവർ പണം തട്ടിയത്. ഓഫീസ് അറ്റകുറ്റപണി, ഫർണിച്ചറുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യണം എന്നുപറഞ്ഞും പ്രതികൾ ഇവരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്.
ചൈനയിൽ ആയിരുന്ന ജയൻ നാട്ടിൽ എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പൊലീസ് തൃശൂരിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതികൾ പിടിയിലായ വിവരം അറിഞ്ഞ് വിവിധ രീതിയിൽ തട്ടിപ്പിന് ഇരയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരാതികളുമായി കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ എത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam