
നെടുങ്കണ്ടം:ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച്, പ്രണയം നടിച്ച് പെൺകുട്ടികളുടെ വീട്ടിൽ എത്തിയ ശേഷമായിരുന്നു പീഡനം.
പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു.
രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം മനസ്സിലാക്കി ഇരുവരും ഇന്നലെ പെൺകുട്ടികളുടെ വീട്ടിൽ എത്തി.തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടികളെ ബലാത്സംഗംചെയ്തു. ഇതിനിടെ വീട്ടിൽ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയൽവാസികൾ ബഹളം വച്ചപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
രണ്ട് പ്രതികൾക്കുമെതിരെ രണ്ട് വ്യത്യസ്ത പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളുടെ ഫോണുകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam