'ഗെയില്‍ കുഴി' വീണ്ടും വില്ലനായി; കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jan 12, 2021, 11:37 PM IST
Highlights

താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് വീണാണ് അപകടം.

കോഴിക്കോട്: ദേശീയപാതയില്‍ കൊടുവള്ളിക്കടുത്ത് ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന്‍ മദ്രസക്ക് മുന്‍വശത്താണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് വീണാണ് അപകടം. 'ഗെയില്‍ കുഴി'യില്‍ വീണ് നിരവധി അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുക്കാല്‍ മണിക്കൂറോളം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറടക്കമുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയ പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.  

ഗെയില്‍ പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് വാവാട് ഭാഗത്തുണ്ടായത്. ഇതേ തുടര്‍ന്ന് കൊടുവള്ളി നഗരസഭയിലെ വാവാട് പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ദേശീയപാത കൊടുവള്ളി സെക്ഷന്‍ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും സെക്ഷന്‍ അസി. എഞ്ചിനിയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരാഴ്ച്ചക്കകം ആവശ്യമായ നടപടിയെടുക്കാമെന്നായിരുന്നു അറിയച്ചത്. ഇത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു മദ്രസബസാറില്‍ ഗെയില്‍ പൈപ്പിടാനെടുത്ത കുഴിക്ക് സമീപത്ത് വഴിയാത്രക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്.

click me!