പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് മുസ്ലിം ലീഗ്. ബിജെപിയെ മാറ്റിനിർത്താൻ എൽഡിഎഫ്-യുഡിഎഫ് സഖ്യത്തിന് പിന്തുണ നൽകുമെന്നും ഒരു മേശയ്ക്ക് ചുറ്റുമിരിക്കാൻ തയ്യാറാണെന്നും ലീഗ് അറിയിച്ചു.
പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് മുസ്ലിം ലീഗ്. ബിജെപിയെ മാറ്റിനിർത്താൻ എൽഡിഎഫ്-യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ അതിനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭാ ഭരണത്തിൽ നിന്ന് ബിജെപിയെ മാറ്റി നിർത്താൻ നിലപാട് സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഐം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. നിലവിലെ മണ്ണാർക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്.
നിലവിൽ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എൽഡിഎഫ്- 9, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സമവായം തേടി ലീഗ് രംഗത്തെത്തിയത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സ്വതന്ത്രനെ പിന്തുണക്കാനും തയാറാണെന്ന് കോൺഗ്രസ് അറിയിച്ചു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചർച്ചകൾ ഉയർന്നതോടെ ഇരുമുന്നണികൾക്കുമെതിരെ ബിജെപി രംഗത്തെത്തി.
