
സുല്‍ത്താന്‍ ബത്തേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് മറ്റൊരു നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടിച്ചു നടന്ന യുവാക്കളെ ഒടുവില്‍ പോലീസ് പൊക്കി. ബത്തേരി കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന്‍ എന്ന ജിഷ്ണു (23) എന്നിവരാണ് പിടിയിലായത്.
കുപ്പാടി കടമാന്‍ ചിറയ്ക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അലിമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ജൂണ്‍ 25ന് രാത്രിയില്‍ സംഘം മോഷ്ടിച്ചു കടന്നുകളഞ്ഞത്. മോഷ്ടിച്ച വാഹനം സുസുക്കി ആക്‌സിസ് സ്‌കൂട്ടറാണെന്ന് മനസിലാക്കിയ പോലീസ് ഇത്തരം സ്‌കൂട്ടറുകളെ മാത്രം നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മോഷ്ടാക്കള്‍ വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വലയിലാക്കുകയായിരുന്നു. മോഷ്ടാക്കളെ കോടതി റിമാന്റ് ചെയ്തു.
Read also: 'കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടും'; റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്ന് കെ സുരേന്ദ്രന്‍
കഴിഞ്ഞ ദിവസം കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം വെച്ച് രണ്ട് യുവാക്കൾ കാർ തടഞ്ഞ് ഡോക്ടറെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും അശ്ളീല ആംഗ്യങ്ങൾ കാണിച്ചും തെറിവിളിച്ചും അപമാനിച്ച സംഭവത്തിലും പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ ഉടമസ്ഥൻ വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായെങ്കിലും മറ്റൊരു മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കേസിന് തുമ്പുണ്ടായി.
ബാലുശ്ശേരി പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒമ്പത് കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ അജിത് വർഗീസ് എന്നയാളുടെ മയക്കുമരുന്ന് സംഘത്തിൽപെട്ട താമരശ്ശേരി സ്വദേശികളായ സനീഷ്, അലക്സ് വർഗീസ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥനായ കോഴിക്കോട് കായലം സ്വദേശി, വാഹനം പണയപ്പെടുത്തിയത് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ നാട്ടിലെത്തിയ യുവാവിനായിരുന്നു. പതിനായിരം രൂപയ്ക്കാണ് വാഹനം പണയപ്പെടുത്തിയത്. ഇയാൾ തന്നോടൊപ്പം ആന്ധ്ര ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിഞ്ഞിരുന്ന മറ്റൊരാൾക്ക് ഈ വാഹനം പിന്നീട് പണയപ്പെടുത്തി. അയാളിൽ നിന്നും അജിത്ത് വർഗീസിന്റെ സംഘം സ്കൂട്ടര്‍ കൈവശപ്പെടുത്തി.
പത്തോളം ആളുകൾ കൈമാറിയാണ് സ്കൂട്ടര്‍ നിലവിൽ ഡോക്ടറെ തടഞ്ഞ സംഘത്തിന്റെ കയ്യിലെത്തിയത്. മയക്കുമരുന്ന് കേസ് മുതൽ കൊലപാതക കേസില്‍ വരെ ഉൾപ്പെട്ടവരുടെ കൈകളിലായിരുന്നു ഈ വാഹനം പലസമയത്തായി എത്തപ്പെട്ടതും കൈമാറ്റം ചെയ്യപ്പെട്ടതും. ഇങ്ങന പല കേസുകളില്‍ പ്രതികളായ പത്തോളെ പേരെ ഒറ്റ ദിവസംകൊണ്ട് കണ്ടെത്തി ചോദ്യം ചെയ്താണ് കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...