
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ് മരിച്ചത്.
എരുത്തേമ്പതി ഐഎസ്ഡി ഫാമിനു സമീപത്ത് പുഴയിലെ ചെക്ഡാമിൽ മീൻ പിടിക്കാൻ പോയതായിരുന്നു. അപകടത്തിൽപ്പെട്ട വിനുവിനെ സുഹൃത്തുക്കൾ ചേർന്ന് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണതാണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
എന്നാൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി ലൈനിൽ നിന്നും മോഷ്ടിച്ച് വെള്ളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം എന്ന് വ്യക്തമായത്. ഇതിന്റെ
അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read more: ജീവനക്കാർ തമ്മിൽ തർക്കം; ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി, സംഭവം കൊല്ലത്ത്
അതേസമയം, പറളിയിൽ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവമോർച്ച പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിർമ്മാണ തൊഴിലാളി പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സന്തോഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, പട്ടികജാതി -പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെ ചേർത്തത്. സന്തോഷായിരുന്നു പ്രവീണിന് പലിശക്ക് പണം നൽകിയത്. പണം തിരികെ നൽകാത്തതിൽ സന്തോഷ് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ ദിവസമാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നുമാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. രാത്രിയില്‍ പോലും പലിശക്കാര്‍ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നതായും ഇതിൽ മനംനൊന്താണ് പ്രവീൺ ജീവനൊടുക്കിയതെന്നുമാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് സന്തോഷിനെതിരെ കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam