
കൽപ്പറ്റ: വയനാട്ടില്‍ മരങ്ങളില്‍ നിന്ന് ചോല വെട്ടുന്ന കാലമാണിത്. വളരെ ഉയരെയുള്ള മരങ്ങളില്‍ കയറി ജോലിയെടുക്കുന്നവര്‍ക്ക് ദേഹാസ്വസ്ഥ്യങ്ങള്‍ ഉണ്ടായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ ശരീരം തളര്‍ന്ന് നന്നേ ഉയരമുള്ള മരങ്ങളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കാണ് സുല്‍ത്താന്‍ബത്തേരി ഫയര്‍ഫോഴ്‌സ് ഇന്ന് രക്ഷകരായി മാറിയത്. ബത്തേരി ഫയര്‍സ്റ്റേഷന് കീഴില്‍ വരുന്ന കല്ലൂര്‍ ചുണ്ടക്കരയിലും പാപ്ലശ്ശേരി അഴീക്കോടന്‍ നഗറിലുമാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സംഭവങ്ങളും. നാട്ടുകാരുടെയും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടല്‍ കൊണ്ടുമാത്രമാണ് രണ്ട് ദുരന്തങ്ങളും ഒഴിവായത്. രാവിലെ എട്ടരയോടെ കല്ലൂര്‍ ചുണ്ടക്കരയിലാണ് ആദ്യ സംഭവം. ചോല വെട്ടാന്‍ മരത്തില്‍ കയറിയ മണ്ണൂര്‍കുന്ന് കോളനിയിലെ ബേബി (40) എന്ന തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ മരത്തില്‍ കുടുങ്ങുകയായിരുന്നു.
നാല്‍പ്പത് അടിയോളം ഉയരമുള്ള മരത്തിന് മുകളില്‍ കുടുങ്ങിയ ബേബിയെ സമീപത്ത് കെട്ടിടനിര്‍മാണ ജോലിക്കെത്തിയ വട്ടുവാടി സ്വദേശി ഷൈജു താഴെവീഴാതെ താങ്ങി നിര്‍ത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ ബത്തേരി ഫയര്‍സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു. ഉടന്‍ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മരത്തില്‍ കയറി, ബേബിയേയും, ഷൈജുവിനെയും ഏണിയും റെസ്‌ക്യൂ നെറ്റും ഉപയോഗിച്ച് താഴെയിറക്കി.
അവശനിലയിലായിരുന്ന ബേബിയെ ഉടന്‍ അഗ്‌നിരക്ഷാ സേനയുടെ തന്നെ ആംബുലന്‍സില്‍ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ബേബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഒമ്പതരയോടെയായിരുന്നു പാപ്ലശ്ശേരി അഴീക്കോടന്‍ നഗറില്‍ 46-കാരനായ നടിക്കുന്നേല്‍ മനോജ് മരത്തില്‍ കുടുങ്ങിയത്. 25 അടി ഉയരത്തിലുള്ള പ്ലാവില്‍ കയറിയ മനോജിന് തലകറക്കം അനുഭവപ്പെടുകയായിരുന്നു.
തലചുറ്റലുണ്ടായപ്പോള്‍തന്നെ മനോജ് മുണ്ടുകൊണ്ട് ദേഹം മരത്തോട് ചേര്‍ത്തുകെട്ടി സുരക്ഷിനായിയിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മരത്തിന് മുകളില്‍കയറി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ബത്തേരി അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.കെ. ഭരതന്‍, എന്‍. ബാലകൃഷ്ണന്‍, എന്‍.വി. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ കെ.സി. ജിജുമോന്‍, കെ.എസ്. മോഹനന്‍, എന്‍.എസ്. അനൂപ്, എം.പി. സജീവന്‍, എം.പി. ധനീഷ് കുമാര്‍, എ.ബി. വിനീത്, അഖില്‍ രാജ്, കെ. അജില്‍, ബേസില്‍ സി.ജോസ്, പി.ഡി. അനുറാം, രഞ്ജിത്ത് ലാല്‍, കെ.സി. പൗലോസ്, ഫിലിപ്പ് എബ്രഹാം, കെ. സിജു, സുജേയ് ശങ്കര്‍, കീര്‍ത്തിക് കുമാര്‍, പി.കെ. ശശീന്ദ്രന്‍, ഷിനോജ് ഫ്രാന്‍സിസ് എന്നിവരാണ് രണ്ട് അപകടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam