
തിരുവനന്തപുരം: കടയ്ക്കാവൂരിൽ ഗൃഹനാഥനെ പകൽ സമയം വീട്ടിൽ കയറി മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ അക്രമി സംഘത്തിൽപ്പെട്ട രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. ചിറയിൻകീഴ് പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ് (38), കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി എന്ന് വിളിപ്പേരുള്ള മാർട്ടിൻ (38) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ എത്തിയ ബൈക്കും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകളും വെട്ടുകത്തിയും പൊലീസ് പിടിച്ചെടുത്തു. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്ക്കൈലാൻഡിൽ താമസിക്കുന്ന അലക്സാണ്ടറെ(55) യാണ് രണ്ടംഗ അക്രമി സംഘം ഇക്കഴിഞ്ഞ 27 ന് രാവിലെ 11 മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിയും അടിച്ചും പരുക്കേൽപ്പിച്ച് കടന്നത്. അക്രമികളെത്തുമ്പോൾ അലക്സാണ്ടർ വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന അലക്സാണ്ടറുടെ ഭാര്യ , മകൾ മറ്റ് ബന്ധുക്കൾ എന്നിവരെ ആയുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തുകയും ഭീതിപരത്തിയ ശേഷം അക്രമം അഴിച്ചുവിടുകയുമായിരുന്നു. പേടിച്ചവശരായ വീട്ടുകാർ അക്രമികൾ വീട്ടിൽ നിന്ന് പോയെന്നുറപ്പാക്കിയ ശേഷമാണ് ഇവര്‍ മുറിക്ക് പുറത്തിറങ്ങിയത്. ഈ സമയം രക്തത്തിൽ കുളിച്ച് അവശനിലയിൽ ഹാളിൽ കിടന്ന ഗൃഹനാഥനെ ബന്ധുക്കളുടെ കൂട്ടനിലവിളിയെ തുടർന്ന് സ്ഥലത്തെത്തിയ പരിസരവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അലക്സാണ്ടറുടെ സ്ഥിതി സാധാരണ നിലയിലായിട്ടില്ല. കടയ്ക്കാവൂർ – അഞ്ചുതെങ്ങ് ബീച്ച് റോഡിൽ മദ്യപിച്ച ശേഷം പരസ്യമായി നാട്ടുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്ന പ്രതികളെ വിലക്കിയതാണ് വീടുകയറിയുള്ള അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് എച്ച് ഒ വി അജേഷ്, എസ് ഐ എസ് എസ് ദീപു, എ എസ് ഐ ശ്രീകുമാർ, സി പി ഒമാരായ ഡാനി, സജു, സിയാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam