
കല്‍പ്പറ്റ: മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ് ഹാഫിസിന് അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായിരുന്നു.
ഗുരുതര പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെയായിരുന്നു അന്ത്യം. അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രികരും ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പഞ്ചായത്ത് 21-ാം വാർഡ് പനക്കൽ മസ്ജിദിന് സമീപം കോഴിപ്പറമ്പിൽ സിയാദ് - സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മറികടക്കവേയാണ് അപകടം നടന്നത്. എതിരെ വന്ന കെഎസ്ആർടിസി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കോമളപുരത്തായിരുന്നു അപകടം.
സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകുവാൻ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കലവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന. പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്.