
ഇരിങ്ങാലക്കുട: വീട്ടിൽകയറി മോഷണം നടത്തിയ കേസിൽ തിരുനെൽവേലി സ്വദേശികളായ 2 സ്ത്രീകൾ റിമാന്റിൽ. ജൂണ്‍ 17 ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മാടായിക്കോണം തളിയക്കോണം സ്വദേശിയായ കൂട്ടുമാകാക്കൽ വീട്ടിൽ അജയകുമാർ എന്നയാളുടെ വീട്ടിന്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറിയായിരുന്നു മോഷണം. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 (പതിനയ്യായിരം) രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളുമാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. അജയകുമാറിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ തമിഴ്നാട് തിരുനൽവേലി സ്വദേശിനികളായ നാഗമ്മ (49) വയസ്, മീന (29) വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ഉച്ചക്ക് 1 മണിയോടെ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽപക്കത്ത് വിവരം അറിയിച്ചപ്പോൾ 2 തമിഴ് സ്ത്രീകൾ അല്പം മുൻപ് പോകുന്നത് കണ്ടുവെന്നും അവരെ സംശയമുണ്ടെന്നും പറയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്ത് ചാക്ക് കെട്ടുമായി നടന്നു പോകുന്ന പ്രതികളെ കണ്ടു നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ അറിക്കുകയായിരുന്നു.
തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന് ഇവരുടെ കൈവശമുള്ള ചാക്കുകെട്ടുകൾ പരിശോധിച്ചതിൽ അജയകുമാറിന്റെ വീട്ടിൽ നിന്ന് മോഷണം പോയ മുതലുകൾ കണ്ടെടുത്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം 18 ന് കോടതിയിൽ ഹാജരാക്കിയതിൽ ഇവരെ റിമാന്റ് ചെയ്തു. മീന തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലും, മാള പൊലീസ് സ്റ്റേഷനിലും ഓരോ മോഷണക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ ദിനേഷ്കുമാർ.പി.ആർ, എ.എസ്.ഐ. മെഹറുന്നീസ, വത്സല, സി.പി.ഒ മാരായ ടെസ്നി ജോസ്, കമൽകൃഷ്ണ, സിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.