ആള്‍ത്താമസമില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

By Web TeamFirst Published Aug 26, 2021, 11:40 PM IST
Highlights

ചേപ്പാട് രണ്ടു വീടുകളില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണത്തെ തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ  പിടിയിലായത്.  

ഹരിപ്പാട് : ആള്‍ത്താമസമില്ലാത്ത  വീടുകളും  ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന  സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കായംകുളം പടീറ്റേടത്തു പടീറ്റതില്‍ ഷമീര്‍ (വടക്കന്‍-34), കായംകുളം  ഐ. കെ ജംഗ്ഷനില്‍ വരിക്കപള്ളി തറയിൽ   സെമീര്‍( വാറുണ്ണി -35) എന്നിവരെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് രണ്ടു വീടുകളില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണത്തെ തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ  പിടിയിലായത്.  മാളിയേക്കല്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കുടുംബക്ഷേത്രത്തില്‍ നിന്നും പനയന്നാര്‍കാവ് ക്ഷേത്രത്തില്‍ നിന്നും മുന്‍പ് നഷ്ടമായിരുന്ന സാധനങ്ങളും ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.  

വീടുകള്‍ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ്. പകല്‍ സമയങ്ങളില്‍ പെട്ടി വണ്ടിയില്‍ മീന്‍ കച്ചവടം, ആക്രിസാധനങ്ങളുടെ കച്ചവടം എന്നിവയാണ് ഇവരുടെ ജോലി. ഇങ്ങനെ പോകുന്ന സമയത്ത്  ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും അവിടെ മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പത്തിയൂര്‍, കരീലകുളങ്ങര, ചേപ്പാട് കായംകുളം, കനകക്കുന്ന്, ചിങ്ങോലി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്  മോഷണം ഇവര്‍ നടത്തിവന്നിരുന്നത്. മോഷണം നടന്ന വീടുകളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ചെറിയ വാഹനങ്ങളിലെ കഴിയുമായിരുന്നുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടിവണ്ടികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

മോഷണ മുതലുകളായ പൈപ്പ്, ഓട്ടുപാത്രങ്ങള്‍, ഫ്രിഡ്ജ്,ഇന്‍വെര്‍ട്ടര്‍, ഓട്ടു പാത്രങ്ങള്‍, ചെമ്പ് പാത്രങ്ങള്‍ എന്നിവ കായംകുളം ഐ കെ ജംഗ്ഷനിലും, പുളിമുക്കിലും ഉള്ള  ആക്രിക്കടകളിലായിരുന്നു വിറ്റഴിച്ചിരുന്നത്. പ്രതികളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കമുള്ള മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.  സമീപപ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഇനിയും കൂടുതല്‍ പ്രതികള്‍ സംഘത്തില്‍ ഉള്ളതായും അവര്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു. കരീലകുളങ്ങര സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ ഷെഫീഖ്, സുരേഷ് , എ.എസ്.ഐമാരായ ജയചന്ദ്രന്‍, സുരേഷ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എസ്. ആര്‍ ഗിരീഷ്, അജിത്കുമാര്‍ ബി .വി, മണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!