
ഹരിപ്പാട്: ആലപ്പുഴയിൽ റോഡിൽ നിന്നു കിട്ടിയ വയോധികരുടെ പെൻഷൻ തുക തിരികെ നൽകി വിദ്യാര്‍ത്ഥികൾ മാതൃകയായി. ഒന്നാം വർഷ ബിബിഎ വിദ്യാര്‍ത്ഥിളായ കണ്ടല്ലൂർ വടക്ക് ചൈതന്യയിൽ ആദർശ്, പുതിയവിള ബിനുഭവനത്തിൽ രോഹിത്ത് എന്നിവരാണ് കളഞ്ഞുകിട്ടിയ തുക തിരികെ നൽകിയത്. പുതിയവിള സ്വദേശികളായ സരസ്വതിയമ്മ, രാധാമണിയമ്മ എന്നിവരുടെ വാർധക്യ പെൻഷൻ തുകയായ 4600 രൂപയാണ് നഷ്ടപ്പെട്ടത്.
മുതുകുളം പേരാത്ത് മുക്കിനു പടിഞ്ഞാറു ഭാഗത്തുവെച്ചാണ് യുവാക്കൾക്ക് പണം കിട്ടിയത്. ഇവർ ഈ തുക കനകക്കുന്ന് പോലീസിനെ ഏല്പിച്ചു. തുകയോടൊപ്പമുണ്ടായിരുന്ന രേഖകളിൽ ഫോൺ നമ്പർ ഉണ്ടായിരുന്നു. പിന്നീട്, പൊലീസ് സ്‌റ്റേഷനിലേക്ക് ഉടമകളിലൊരാളായ സരസ്വതിയമ്മയെ വിളിച്ചു വരുത്തിയാണ് തുക കൈമാറിയത്. ആദർശും രോഹിത്തും ചേർന്നാണ് പണം തിരികെ നൽകിയത്.