
പത്തനംതിട്ട: നാഷണൽ ഹൈവേ ജോലികളുടെ കരാറെടുത്തിരുന്ന കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്നും വിലപിടിപ്പുള്ള പാർട്സുകൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികളെ ചിറ്റാർ പോലീസ് പിടികൂടി. ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് താമരശ്ശേരിയിൽ വീട്ടിൽ വിവേക് ടിപി (29), ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീതത്തോട് മൂന്നു കല്ല് കോർട്ട് പടി ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ വക ട്രെയിലർ ലോറികളിൽ നിന്നാണ് ഇവർ മോഷ്ടണം നടത്തിയത്. മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള സമയത്താണ് പ്രതികൾ ലോറികളുടെ പാർട്സുകൾ ഊരിമാറ്റി കടത്തിയത്. ലോറികളുടെ ബാറ്ററികൾ, ടയറുകൾ, ഡിസ്കുകൾ എന്നിവയുൾപ്പെടെ 2,10,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവർ മൂവരും ഇതേ കമ്പനിയിലെ ജീവനക്കാരാണ് എന്നത് ശ്രദ്ധേയമാണ്.
ലോറികളിൽ നിന്ന് പാർട്സുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20-ന് ചിറ്റാർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. രണ്ടാം പ്രതിയായ നസീമിനെയും മൂന്നാം പ്രതിയായ ഹാഷിമിനെയും മൂന്നു കല്ല് എന്ന സ്ഥലത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. ഒന്നാം പ്രതി വിവേക് ചിറ്റാർ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിൽക്കൂടി പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam