52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയില്‍, 79.67 ഗ്രാം ഹെറോയിന്‍ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കത്തിച്ചുനശിപ്പിച്ചത്.

കോഴിക്കോട്: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളുടെ വന്‍ ശേഖരം ഔദ്യോഗികമായി നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നശിപ്പിച്ചത്. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലി ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്‌പോസല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയില്‍, 79.67 ഗ്രാം ഹെറോയിന്‍ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കത്തിച്ചുനശിപ്പിച്ചത്. ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാന്‍ സിറ്റി പൊലീസിൻ്റെ പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.