
എടത്വാ: ഇറാനിൽ വെച്ച് അപകടത്തിൽപെട്ട ചരക്ക് കപ്പലിൽ (UAE cargo ship) ആലപ്പുഴ എടത്വാ സ്വദേശിയും. കപ്പലിലുള്ളവരെ ഇറാനി തീരസംരക്ഷണ സേന രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു.കപ്പൽ സേഫ്റ്റി ഓഫീസറായ എടത്വാ പുതിയേടത്ത് പികെ പൊന്നപ്പന്റേയും പ്രസന്നയുടേയും മകൻ മിഥുൻ പൊന്നപ്പനാണ് അപകടത്തിൽപെട്ട കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ 15 - ന് ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് ഇറാനിലേക്ക് പോയ സാലിം അൽ മക്രാനി കാർഗോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് അപകടത്തിൽ പെട്ടത്.
മുപ്പത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കപ്പൽ അപകടത്തിൽ പെടുകയായിരുന്നെന്നാണ് ആദ്യ സൂചന. ഇറാൻ അതിർത്തിയിൽ വെച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പിന്നീട് ഇറാനി തീരസംരക്ഷണ സേന കപ്പലിൽ ഉണ്ടായിരുന്നവരെ തീരത്ത് എത്തിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ദുബായിലുള്ള മിഥുന്റെ സഹോദരൻ മിത്തു പൊന്നപ്പൻ വീട്ടുകാരെ അറിയിച്ചു.
മിഥുൻ കഴിഞ്ഞ 5 വർഷമായി ദുബായിൽ ജോലി നോക്കി വരുകയാണ്. ഒരു വർഷത്തിന് മുൻപാണ് കപ്പലിൽ സേഫ്റ്റി ഓഫീസറായി പ്രവേശിച്ചിട്ട്. വിഷുവിന് നാട്ടിൽ എത്താൻ ഇരിക്കുമ്പോഴാണ് മിഥുൻ ജോലി ചെയ്യുന്ന ചരക്ക് കപ്പൽ അപകടത്തിൽ പെട്ടത്. ഇന്നലെ ദേശീയ മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് അപകടത്തിൽ പെട്ട കപ്പലിൽ മിഥുൻ ഉണ്ടായിരുന്നതായി അറിയുന്നത്.
(ഇറാനില്‍ അപകടത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്ന മലയാളി മിഥുന്‍റെ അച്ഛനും അമ്മയും)
കപ്പൽ പുറപ്പെടുന്നതിന് തലേ ദിവസം പിതാവ് പൊന്നപ്പനെ വാട്സ് ആപ്പ് കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. സന്ദേശത്തെ തുടർന്നാണ് മിഥുനും കപ്പലിൽ ഉണ്ടായിരുന്നതായി വീട്ടുകാർ ഉറപ്പിച്ചത്. പിന്നീട് സഹോദരൻ മിത്തുവുമായി ബന്ധപ്പെട്ടാണ് മറ്റ് വിവരങ്ങൾ അറിഞ്ഞത്. ചെങ്ങന്നൂർ സ്വദേശിയായ അഞ്‌ജലിയാണ് ഭാര്യ. ഏകമകൻ ധ്യാൻ.
Read More : അഞ്ച് വർഷത്തിന് ശേഷം ഭക്ഷ്യധാന്യവുമായി കൊല്ലത്ത് ചരക്കുകപ്പല്‍ എത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam