
ആലപ്പുഴ: മുതുകുളത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്
മുതുകുളം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജിഎസ് ബൈജുവിനെയാണ് മൂന്നംഗ സംഘം ഇന്നലെ രാതി ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ ബൈജുവിൻ്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് - ബി ജെ പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബിജെപി അംഗമായിരുന്നു ബൈജു. പാർട്ടി നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസത്ത തുടർന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചു. തുടർന്നാണ് മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബൈജു 487 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മധുകുമാർ 384 വോട്ടും നേടി. ബിജെപി സ്ഥാനാർഥി ജയേഷ് ജനാർദ്ദന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.
ഒരു ജില്ലാ പഞ്ചായത്ത് , അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. എട്ടു വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ്, എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാർഡ് , വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ്, തിരുവനന്തപുരം പഴയകുന്നുമ്മൽ പഞ്ചായത്ത് മഞ്ഞപ്പാറ വാർഡ്, തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാർഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാർഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്.
ഇതിൽ പാണ്ടനാട് വാർഡ് ബിജെപിയിൽ നിന്നും മറ്റുള്ളവ എൽഡിഎഫിൽ നിന്നുമാണ് പിടിച്ചെടുത്തത്. ബിജെപി പ്രതിനിധി ആശാ വി നായർ പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണ് ആലപ്പുഴ പാണ്ടനാട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച ആശാ വി നായർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് വല്യനൂറിനോട് പരാജയപ്പെട്ടു. ഇതോടെ ജില്ലയിൽ ഭരണം ഉണ്ടായിരുന്ന ഏക പഞ്ചായത്തിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായി.
എൽഡിഎഫിന് കനത്ത നഷ്ടം എറണാകുളം കീരംപാറ പഞ്ചായത്തിൽ ആണ്. ഈ വാർഡ് യുഡിഎഫ് പിടിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡ് യുഡിഎഫിൽ നിന്നും എറണാകുളം പറവൂർ നഗരസഭ വാണിയക്കാട് ഡിവിഷൻ ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് ബിജെപി സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർത്ഥി ജി എസ് ബൈജു ആണ് വിജയിച്ചത്. ബിജെപി അംഗമായിരുന്ന ജി എസ് ബൈജു ബിജെപി നേതൃത്വവുമായി തെറ്റി അംഗത്വം രാജിവെച്ചു മത്സരിക്കുകയായിരുന്നു. സ്വതന്ത്രൻ്റെ പിന്തുണയോടെ 5 അംഗങ്ങളുള്ള സിപിഎം ആണ് ഇവിടെ ഭരണം. യുഡിഎഫ് 6, എൽഡിഎഫ് സൗതന്ത്രണടക്കം 6, ബിജെപി 3 എന്നതാണ് കക്ഷിനില.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam