അരൂര്‍ മുതല്‍ കായംകുളം വരെയുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ തുടങ്ങി

By Web TeamFirst Published Jun 21, 2019, 10:09 PM IST
Highlights

അരൂര്‍ പള്ളിക്കു സമീപത്തെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരും കട ഉടമസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള ഭാഗത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. പിഡബ്യൂ യുടെയും ദേശീയപാത അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍ എസ് ജയചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. 

അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് കാണിച്ച്  ദേശീയപാത അധികൃതര്‍ ഒരുമാസം മുന്‍പാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസം മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു. ഇതിനുശേഷമാണ് വ്യഴാഴ്ച രാവിലെ പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്. അരൂര്‍ പള്ളിക്കു സമീപത്തെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരും കട ഉടമസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം ഉണ്ടായ സ്ഥലങ്ങളിലെ കച്ചവടക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ സ്വന്തം ചെലവില്‍ കയ്യേറ്റം പൊളിച്ചുമാറ്റാനുളള സാവകാശം ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. 

ദേശീയപാതയില്‍ അരൂര്‍ മുതല്‍ എരമല്ലൂര്‍ വരെ ഉള്ള സ്ഥലങ്ങളില്‍ നിരവധി അനധികൃത വഴിവാണിഭക്കാരാണ് കച്ചവടം നടത്തുന്നത്. സാധാരണ അധികാരികള്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു കഴിഞാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഇത് പഴയ സ്ഥിതിയിലാകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാന്‍ അനധിക്യത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച സ്ഥലങ്ങളില്‍ ഇനി മുതല്‍ കുറച്ച് ദിവസങ്ങള്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദേശീയപാത ഉദ്യേഗസ്ഥര്‍ അറിച്ചു. കയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അരൂരിലെ ഭൂരിഭാഗം കച്ചവടക്കാരും കടകള്‍ ഒഴിഞ്ഞ് പോയിരുന്നു .
 

click me!