
കൊല്ലം: വിളിക്കാതെ വീട്ടിൽ കയറിയ 'അതിഥി'യെ വിളിച്ചിറക്കി കാട്ടിലയച്ച് വനപാലക സംഘം. ആര്യങ്കാവ് കഴുതുരുട്ടി എടപ്പാളയത്ത് അശ്വതി ഭവനിൽ രാജുവിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാജവെമ്പാല എത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ വീട്ടിലെ ഹാളിൽ കിടന്ന കട്ടിലിനടിയിൽ വീട്ടുകാർ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിനെ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ വീട്ടുകാർ തെന്മല ആർ ആർ ടിയെ വിവരമറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ 'രാജ 'യെ ചാക്കിലാക്കി ആർ ആർ ടി സംഘം മടങ്ങുകയും ചെയ്തു.
എലിയെയോ മറ്റു ചെറിയ ജീവികളെയോ ഇര പിടിക്കാൻ പിന്തുടർന്ന് വീട്ടിൽ കയറിയപ്പോഴായിരിക്കാം കട്ടിലിനടിയിൽ പാമ്പ് പെട്ടുപോയതെന്നാണ് കരുതുന്നത്. പിടികൂടിയ രാജവെമ്പാലയെ റെസ്ക്യൂ സംഘം ശെന്തുരുണി ഉൾവനത്തിൽ തുറന്നു വിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാധാകൃഷ്ണൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കലേഷ്, ദേവദത്തൻ, അമ്പാടി എന്നിവരാണ് പാമ്പിനെ പിടികൂടിയ വനപാലക സംഘത്തിൽ ഉണ്ടായിരുന്നത്. തെന്മല ആർ ആർ ടി യിലെ ഈ സംഘം പിടികൂടിയ മുപ്പത്തിമൂന്നാമത്തെ രാജവെമ്പാലയാണ് ഇത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam