
മലപ്പുറം: വിവിധ പ്രദേശങ്ങളില്‍ നിന്നും എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ ചിലയിടങ്ങളില്‍ മാലിന്യം എത്തിച്ച് കത്തിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം രാത്രി മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിലും റോഡിന് സമീപമുള്ള കുന്നിന്‍മുകളിലുള്ള പറമ്പിലും വന്‍തോതില്‍ മാലിന്യം തളള്ളിയിരുന്നു. റോഡരികില്‍ ചാക്കുകളാക്കിയാണ് വിവിധയിടങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ ഖരമാലിന്യം വലിച്ചെറിഞ്ഞത്. കുന്നിന്‍മുകളില്‍ ചെങ്കല്‍ ഖനനം നടത്തിയ പറമ്പിലാണ് മാലിന്യം കൂട്ടിയിട്ടത്. കൂട്ടിയിട്ട് കുറച്ച് ദിവസം കഴിയുമ്പോള്‍ കത്തിക്കുകയാണ് പതിവ്. കുറച്ച് ദിവസം മുമ്പ് പൂക്കാട്ടിരി-മലപ്പുറം റോഡിന് സമീപം ചോലവളവിനടുത്ത് തെര്‍മോകോള്‍ ഉള്‍പ്പെടെ മാലിന്യം കൂട്ടിയിട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അര്‍ധരാത്രിയോടെ കത്തിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനനുസരിച്ച് അഗ്‌നിരക്ഷായൂണിറ്റ് എത്തിയിരുന്നു.
വിഷപ്പുക പടരുന്നത് പ്രത്യക്ഷത്തില്‍ ശ്രദ്ധയില്‍പ്പെടില്ല എന്നതിനാൽ രാത്രി കാലത്താണ് മാലിന്യം കത്തിക്കുന്നത്. മാവണ്ടിയൂരില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എടയൂര്‍ വായനശാല ഫയര്‍വിങ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.