
വള്ളികുന്നം: വള്ളികുന്നം കടുവിനാൽ സ്വദേശിയായ യുവാവിനെ രാസലഹരിയുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിജയാ ഭവനിൽ വിജയാനന്ദന്റെ മകൻ ആദർശ് (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും യാത്ര ചെയ്തിരുന്ന ബൈക്കും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് നിന്ന് വൻതോതിൽ കഞ്ചാവ് പിടികൂടിയിരുന്നു.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഈ മേഖലകൾ പ്രത്യേകമായി നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നെങ്കിലും ആദ്യമായാണ് ഇയാൾ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നത്. വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. മാസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ ഡി-ഹണ്ടി'ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള വള്ളികുന്നം പൊലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. വള്ളികുന്നം ഇൻസ്പെക്ടർ ജയൻ ടിഎൽ, എസ് ഐ ദിജേഷ്, എസ്‌സിപിഒ സന്തോഷ് കുമാർ, സിപിഒമാരായ അനീഷ്, അഖിൽ, ബാലു എന്നിവരും സംഘത്തിലുണ്ടായിരുന്നു.