
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ തിരക്കുകൾക്കിടയിൽ ഉദ്യോഗസ്ഥർ മറ്റ് ഡ്യൂട്ടികളിലാണെന്ന ധാരണയിൽ വൻ ലഹരിക്കടത്തിന് ശ്രമിച്ച പ്രതിയെ പിടികൂടി ചടയമംഗലം എക്സൈസ് സംഘം. നിലമേൽ, കൈതോട് ഭാഗങ്ങളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ പ്രധാന മൊത്തവിതരണക്കാരനായ തിരുവനന്തപുരം വർക്കല മടവൂർ വില്ലേജിൽ ഈട്ടിമൂട് തങ്കക്കല്ല് ദേശത്ത് തൻസീർ മൻസിലിൽ ഹബീബിന്‍റെ മകൻ തൻസീർ എച്ച് (43) ആണ് ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസ് ജി ബിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ വലയിലായത്.
ഇയാളിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ചെറിയ അളവിലുള്ള എംഡിഎംഎ കൈവശം വയ്ക്കുന്നത് പോലും ജാമ്യം ലഭിക്കാത്ത കടുത്ത കുറ്റമായിരിക്കെയാണ്, കൊമേഴ്‌സ്യൽ ക്വാണ്ടിറ്റിയിൽ ഉൾപ്പെടുന്ന ഇത്രയും വലിയ അളവിൽ മയക്കുമരുന്നുമായി പ്രതി പിടിയിലായിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് നിലമേൽ വില്ലേജിൽ കണ്ണങ്കോട് ജംഗ്ഷനിലാണ് അറസ്റ്റ് നടന്നത്. കണ്ണങ്കോട് ജംഗ്ഷനിൽ നിന്നും പള്ളിയിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്ന് നേരിട്ട് എംഡിഎംഎ വൻതോതിൽ ശേഖരിച്ച് നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ബംഗളൂരുവിൽ നിന്ന് നൈറ്റ് സർവീസ് ബസുകളിലാണ് ഇയാൾ സാധാരണയായി ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നത് ഇത്തവണയും ലഹരിമരുന്ന് കൊണ്ടുവരാൻ പ്രതി ബംഗളൂരുവിലേക്ക് പോയിട്ടുണ്ടെന്ന രഹസ്യവിവരം ചടയമംഗലം എക്സൈസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
ഇന്നലെ കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായതിനാൽ, പൊലീസും എക്സൈസും ഉൾപ്പെടെയുള്ള വകുപ്പുകൾ കടുത്ത തിരക്കിലായിരിക്കുമെന്നും അതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്നും കരുതിയുമായിരുന്നു ഇത്രയും വലിയ അളവിൽ ലഹരിമരുന്ന് കടത്താൻ പ്രതിക്ക് ധൈര്യമുണ്ടായത്. പ്രതി ഉൾപ്പെട്ട ലഹരി മാഫിയാ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്സൈസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇവർക്കായി ഊർജ്ജിതമായ അന്വേഷണം തുടരും. അറസ്റ്റിന് ശേഷം പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുകയും, കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. പരിശോധനാ സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ ബിനു, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ബിൻസാഗർ, ശ്രേയസ്, അരുൺ, ജിനു, ശരണ്യ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സാബു എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam